കോപ്പിയടി വീരന്‍‌മാര്‍ കഥ തുടരുന്നു

PROPRO
മലയാളത്തിലെ കഥയുടെ മാന്ത്രികന്‍ ലോഹിതദാസ് അരങ്ങൊഴിഞ്ഞ സമയമാണിത്. ‘മലയാള സിനിമയുടെ കഥ കഴിഞ്ഞു’ എന്നാണ് ഒരു സംവിധായകന്‍ അഭിപ്രായപ്പെട്ടത്. ഒറിജിനാലിറ്റിയുള്ള തിരക്കഥകളായിരുന്നു ലോഹിയുടേത്. രചനയുടെ പാതിവഴിയില്‍ അദ്ദേഹം അപ്രത്യക്ഷനായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സിനിമാപ്രേമികള്‍ ഞെട്ടി. എങ്കിലിതാ ആ ഞെട്ടല്‍ കടുത്ത ആശങ്കയിലേക്ക് വഴിമാറുന്ന വാര്‍ത്തകള്‍ വരുന്നു.

കഥകള്‍ കോപ്പിയടിക്കുന്ന വീരന്‍‌മാരുടേതു കൂടിയാണ് മലയാള സിനിമാലോകം. നല്ല കഥയും തിരക്കഥകളും രചിക്കാനുള്ള പ്രതിഭ ഇല്ലാതാകുമ്പോള്‍ മറ്റു പലരുടെയും കഥകള്‍ മോഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. ഇതാ 'അടിച്ചു മാറ്റലി’ന്‍റെ ഏറ്റവും പുതിയ കഥ:

അടുത്ത കാലത്ത് ഒരു സഹസംവിധായകന്‍ സ്വതന്ത്ര സംവിധായകനാകാനുള്ള ശ്രമം തുടങ്ങി. സഹസംവിധായകനായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ട് അദ്ദേഹത്തിന്. മലയാളത്തിലെ ത്രില്ലറുകളുടെ തിരക്കഥാകൃത്തുമായി ചേര്‍ന്ന് ഒരു നല്ല കഥയുണ്ടാക്കി. കഥ ഗംഭീരമായ വഴിത്തിരിവുകളിലൂടെ മുന്നേറിയപ്പോള്‍ സഹസംവിധായകന്‍ മതിമറന്ന് സന്തോഷിച്ചു.

അങ്ങനെയിരിക്കെയാണ് ഈ സഹസംവിധായകന്‍ മുമ്പ് പ്രവര്‍ത്തിച്ച ഒരു ഫ്ലോപ്പ് ചിത്രത്തിന്‍റെ സംവിധായകനെ അവിചാരിതമായി കാണാനിടയായത്. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത് കൈപൊള്ളിയ സംവിധായകന്‍ ഇനി കൊമേഴ്സ്യല്‍ സിനിമയേ എടുക്കൂ എന്ന വാശിയിലാണ്. തന്‍റെ പുതിയ സിനിമയുടെ കഥ പാവം സഹസംവിധായകന്‍ അദ്ദേഹവുമായി പങ്കു വച്ചു. ‘കൊള്ളാമല്ലോ...ഉഗ്രന്‍’ എന്നൊക്കെ അഭിപ്രായം പറഞ്ഞ് സംവിധായക പ്രതിഭ മടങ്ങുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ഒരു വാര്‍ത്ത കേട്ട് പാവം സഹസംവിധായകന്‍ ഞെട്ടി. തന്‍റെ അതേ കഥയുമായി ആ മഹാ സംവിധായകന്‍ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. അതിലും ഭീകരമായത് മറ്റൊരു കാര്യമാണ്. തന്‍റെ ചിത്രത്തിലെ നായകനെ തന്നെയാണ് കോപ്പിയടി വീരനായ സംവിധായകനും നായകനാക്കിയിരിക്കുന്നത്.

WEBDUNIA| Last Modified വ്യാഴം, 2 ജൂലൈ 2009 (20:52 IST)
ഇപ്പോള്‍ സഹസംവിധായകനും തിരക്കഥാകൃത്തും കൂടി ആദ്യം ഉണ്ടാക്കിയ കഥ മുഴുവന്‍ മാറ്റിയെഴുതുന്നതിന്‍റെ തിരക്കിലാണ്. നോക്കണേ ഗതികേട്!. ലോഹിയെപ്പോലുള്ള തിരക്കഥാകൃത്തുക്കള്‍ അകാലത്തില്‍ പൊലിയുമ്പോള്‍ കോപ്പിയടിക്കാര്‍ രംഗം കീഴടക്കുന്ന ദയനീയാവസ്ഥയാണ് ഇന്ന് മലയാളത്തിലുള്ളത്. കലികാലം. കല്ലുമഴ പെയ്താലും സഹിക്കുക തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :