ടൈറ്റ്ലര്‍കേസ്‌ കോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 28 ഏപ്രില്‍ 2009 (09:30 IST)
1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്‌തനാക്കിയ സി ബി ഐ റിപ്പോര്‍ട്ട്‌ കോടതി ഇന്നു പരിഗണിക്കും. ഡല്‍ഹിയിലെ കര്‍ക്കര്‍ധൂമ അഡീഷണല്‍ ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ്‌ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ കര്‍ക്കര്‍ധൂമ കോടതിക്ക്‌ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ അധികാരമില്ലെന്നും സെഷന്‍സ്‌ കോടതിയുടെ പരിഗണനയ്ക്കു വിടണമെന്നും സി ബി ഐ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ്‌ കേസ്‌ ഇന്നത്തേയ്ക്ക്‌ മാറ്റിയത്‌. ഈ‍ കോടതിക്ക്‌ കേസ്‌ പരിഗണിക്കാന്‍ അധികാരമുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് കോടതി ഇന്നു പരിഗണിക്കുക. 1984 സിഖ്‌വിരുദ്ധ കലാപ കേസില്‍ ടൈറ്റ്‌ലര്‍ നിരപരാധിയാണെന്ന് കാണിച്ച് സിബിഐ മാര്‍ച്ച് 28നാണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ടൈറ്റ്‌ലര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കാനും സിബിഐ കോടതിയുടെ അനുവാദവും ചോദിച്ചിരുന്നു.

കഴിഞ്ഞ നവംബറില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തിലും ടൈറ്റ്‌ലര്‍ക്കെതിരെ ദൃക്‌സാക്ഷികളോ തെളിവുകളോ ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ തെളിവെടുപ്പ് നടത്തിയ നാനാവതി കമ്മീഷന്‍ ടൈറ്റ്‌ലര്‍ക്കെതിരെ വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെന്നും ഇദ്ദേഹം കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരിക്കാമെന്നുമാണ് അഭിപ്രായപ്പെട്ടത്.

ഇതെ തുടര്‍ന്നാണ് 2005 ഓഗസ്റ്റ് 10 ന് ടൈറ്റ്‌ലര്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചത്. ലോക്‍സഭാ തെരഞ്ഞെടുപ്പിലെ ടൈറ്റ്ലറുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ ചെരിപ്പേറ് നടത്തിയതോടെ ടൈറ്റ്‌ലറുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് പിന്‍വലിക്കേണ്ടി വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :