ഇന്ത്യയെ മുഴുവന്‍ പിടിച്ചുകുലുക്കിയ ‘നിത്യാനന്ദ സംഭവം’ മലയാള സിനിമയ്ക്ക് വിഷയമാകുന്നു എന്ന് സൂചന. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘ഗോഡ് ഫോര്‍ സെയില്‍: ഭക്തിപ്രസ്ഥാനം’ എന്ന സിനിമ പ്രമേയമാക്കുന്നത് നിത്യാനന്ദ സംഭവമാണെന്നാണ് അറിയുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്.
ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ പേര് സ്വാമി പൂര്‍ണാനന്ദ എന്നാണ്. ഈ കഥാപാത്രത്തിന് നിത്യാനന്ദയുടെ ഛായയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ‘നിത്യാനന്ദ - രഞ്ജിത’ സംഭവം ഹൈലൈറ്റുചെയ്യുന്ന സിനിമയാണോ ഭക്തിപ്രസ്ഥാനം എന്ന് വ്യക്തമായിട്ടില്ല.
നിത്യാനന്ദ സംഭവത്തിന്‍റെ പശ്ചാത്തലമുണ്ടാകുമെങ്കിലും കേരളത്തിലേതുള്‍പ്പടെ പല കപട സന്യാസിമാരുടെയും ജീവിതം ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട് എന്നാണ് അറിയുന്നത്. മനുഷ്യദൈവങ്ങളുടെ പിന്നാമ്പുറ ജീവിതത്തിന്‍റെ സങ്കീര്‍ണതകളിലേക്കും ചിത്രം എത്തിനോക്കുന്നു. മനുഷ്യദൈവങ്ങളുടെ ഭൂതകാല ജീവിതങ്ങളെ തേടി അവതരിപ്പിക്കുകയാണു ഭക്തിപ്രസ്ഥാനത്തിലൂടെ ബാബു ജനാര്‍ദ്ദനന്‍.
സുരാജ് വെഞ്ഞാറമ്മൂട് ഈ ചിത്രത്തില്‍ ഇരട്ടവേഷങ്ങളില്‍ എത്തുന്നു. ജഗതി ശ്രീകുമാര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനു മുരിക്കുംപുഴ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം ഗ്രീന്‍ അഡ്വര്‍ട്ടൈസിംഗ് കമ്പനിയാണ് നിര്‍മ്മിക്കുന്നത്.
‘1993 ബോംബെ മാര്‍ച്ച് 12’ എന്ന പരാജയ ചിത്രത്തിന് ശേഷം ഒരു വിജയചിത്രം ഒരുക്കാനുള്ള ബാബു ജനാര്‍ദ്ദനന്‍റെ ശ്രമമാണ് ‘ഗോഡ് ഫോര്‍ സെയില്‍: ഭക്തിപ്രസ്ഥാനം’.