രഞ്ജിത്തും മോഹന്‍ലാലും അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഏറുകയാണ്. ‘സ്പിരിറ്റ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അതുകൊണ്ട് ഇത് സ്പിരിറ്റ് കള്ളക്കടത്തുകാരുടെ കഥ പറയുന്ന ആക്ഷന്‍ സിനിമയാണെന്ന വ്യാഖ്യാനം വേണ്ട. സ്പിരിറ്റ് എന്നാല്‍ ‘ആത്മാവ്’ എന്നര്‍ത്ഥം. കൂടുതല്‍ പറഞ്ഞാല്‍ കഥയുടെ സസ്പെന്‍സ് പോകുമല്ലോ.
സ്വഭാവത്തിലെ വ്യത്യസ്തത കൊണ്ട് നഗരത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന ഒരു മോഹന്‍ലാല്‍ കഥാപാത്രം കൂടി.
ചിത്രം മാര്‍ച്ച് 10ന് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. താരനിര്‍ണയം നടന്നുവരുന്നു. ആശീര്‍വാദ് സിനിമാസ് ഈ സിനിമ നിര്‍മ്മിക്കും. വേണുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍.
സ്പിരിറ്റിലെ നായിക ബോളിവുഡില്‍ നിന്നായിരിക്കും. തിലകന്‍, നെടുമുടി വേണു എന്നിവര്‍ ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം. ‘ലീല’യില്‍ ഇരുവരും ഒന്നിക്കുമെന്നായിരുന്നു കേട്ടതെങ്കിലും ആ പ്രൊജക്ട് മാറ്റിവച്ചതിനാല്‍ സ്പിരിറ്റിലൂടെ ഇവരെ ഒന്നിപ്പിക്കാനാണ് ശ്രമം. അങ്ങനെ വന്നാല്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു എന്നീ മഹാനടന്‍മാരുടെ സംഗമവേദി കൂടിയായി ‘സ്പിരിറ്റ്’ മാറും.
2007ല്‍ പുറത്തിറങ്ങിയ ‘റോക്ക് ആന്‍റ് റോള്‍’ ആയിരുന്നു മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച് ഒടുവില്‍ ചെയ്ത സിനിമ.