രഞ്ജിത്തും മോഹന്‍ലാലും അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഏറുകയാണ്. ‘സ്പിരിറ്റ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സ്വഭാവത്തിലെ വ്യത്യസ്തത കൊണ്ട് നഗരത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്താണ് സ്വഭാവത്തിലെ പ്രത്യേകത എന്നല്ലേ? ആളൊരു ഒന്നാന്തരം ‘ഈഗോയിസ്റ്റ്’ ആണ്. താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന ഭാവം. ഒരാളെയും അംഗീകരിക്കില്ല. എല്ലാവരുടെയും തലയ്ക്കുമുകളില്‍ ഒരു കസേരയിട്ട് കയറിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന അഹംബോധത്തിന്‍റെ ആള്‍രൂപം!
ചിത്രം മാര്‍ച്ച് 10ന് ഷൂട്ടിംഗ് ആരംഭിക്കുകയാണ്. താരനിര്‍ണയം നടന്നുവരുന്നു. ആശീര്‍വാദ് സിനിമാസ് ഈ സിനിമ നിര്‍മ്മിക്കും. വേണുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍.
കനിഹയാണ് സ്പിരിറ്റിലെ നായിക. പ്രകാശ് രാജ് വില്ലനായി അഭിനയിക്കുന്നു. തിലകന്‍, നെടുമുടി വേണു എന്നിവര്‍ ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം. ‘ലീല’യില്‍ ഇരുവരും ഒന്നിക്കുമെന്നായിരുന്നു കേട്ടതെങ്കിലും ആ പ്രൊജക്ട് മാറ്റിവച്ചതിനാല്‍ സ്പിരിറ്റിലൂടെ ഇവരെ ഒന്നിപ്പിക്കാനാണ് ശ്രമം. അങ്ങനെ വന്നാല്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു എന്നീ മഹാനടന്‍മാരുടെ സംഗമവേദി കൂടിയായി ‘സ്പിരിറ്റ്’ മാറും.
2007ല്‍ പുറത്തിറങ്ങിയ ‘റോക്ക് ആന്‍റ് റോള്‍’ ആയിരുന്നു മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച് ഒടുവില്‍ ചെയ്ത സിനിമ.