കാറില്‍ പെട്രോള്‍ അടിച്ച ശേഷം തിലകന്‍ ചോദിച്ചു - “അടിച്ച പെട്രോള്‍ തിരിച്ചെടുക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?” !

തിലകന്‍ പെട്രോളടിച്ച കഥ!

Thilakan, Mohanlal, Mammootty, Dileep, Siddiq, Jayaram, Jagathy, തിലകന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സിദ്ദിക്ക്, ജയറാം, ജഗതി
Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (16:33 IST)
മലയാള സിനിമയിലെ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. ഒപ്പമഭിനയിച്ചവര്‍ക്കെല്ലാം അഭിനയകലയുടെ മഹാഗുരു. സിനിമ എന്ന കലയുടെ ശക്തിയെപ്പറ്റി അദ്ദേഹം എപ്പോഴും വാചാലമാകുമായിരുന്നു.

പണ്ട് ചെങ്കോലിന്‍റെ സെറ്റില്‍ വച്ച് അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവച്ച ഒരു കഥ അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍:

പണ്ട് ഞാന്‍ വിളംബരം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ വേറൊരു സെറ്റിലേക്ക് പോകേണ്ടിവന്നു. കാറുമായി ഞാന്‍ കോഴിക്കോട്ടുനിന്ന് യാത്രതിരിച്ചു. മാഹിക്ക് അടുത്തേക്കാണ് പോകേണ്ടിയിരുന്നത്. ഇടയ്ക്കുവച്ച് പെട്രോള്‍ അടിക്കുവാനായി ഞാന്‍ ഒരു പമ്പില്‍ കയറി. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. പോക്കറ്റില്‍ നോക്കിയപ്പോഴാണ് അബദ്ധം മനസിലാക്കിയത്. പണമെടുക്കുവാന്‍ മറന്നുപോയിരിക്കുന്നു. ഞാനുടനെ പെട്രോള്‍ ബങ്കിലെ പയ്യനെ വിളിച്ചുചോദിച്ചു.

“അടിച്ച പെട്രോള്‍ തിരിച്ചെടുക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?”
ഇതുകേട്ട് പയ്യന്‍ അന്ധാളിച്ചു.
“എന്തുപറ്റി സാര്‍?”
“അല്ല, പണമെടുക്കാന്‍ മറന്നുപോയി”
അപ്പോള്‍ കൌണ്ടറില്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്ന കാഷ്യര്‍ വന്നുപറഞ്ഞു.
“ങ്ങള് പൊയ്ക്കോളിന്‍... കാശു ബേണ്ട...”
ഞാന്‍ ധൈര്യമായി പോയി. വൈകുന്നേരം അതുവഴി തിരിച്ചുവന്ന് കാശ് കൊടുത്തു.

ഇത്തരത്തില്‍ ഒത്തിരി അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതൊക്കെ സിനിമയുടെ ശക്തികൊണ്ടാണെന്നാ എന്‍റെ വിശ്വാസം.

ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :