രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട്. രക്ഷാബന്ധനത്തിലൂടെ സഹോദരന് ആയുസ്സും ആരോഗ്യവും സമ്പത്തും ആശംസിക്കുമ്പോള്‍ സഹോദര മനസ്സില്‍ സഹോദരിയെ സംരക്ഷിക്കണമെന്ന പ്രതിജ്ഞയുളവാകുന്നു.
വര്‍ണനൂലുകള്‍ ഇഴപാകിയ രാഖികള്‍ക്ക് രക്ഷാബന്ധനങ്ങളുടെ അനേകം കഥകള്‍ പറയാനുണ്ട്. ഹുമയൂണ്‍ ചക്രവര്‍ത്തി പോലും ഇത് മാനിച്ചിട്ടുണ്ട്. പോറസ് അലക്സാണ്ടറെ കൊല്ലാതെ വിട്ടത് രാഖിയുടെ ബന്ധം കൊണ്ടായിരുന്നു.
യുധിഷ്ഠിരന്‍ ചിന്താകുലനായി ശ്രീകൃഷ്ണനോടു ചോദിച്ചു, “വരും വര്‍ഷത്തില്‍ നടക്കാനിരിക്കുന്ന ചീത്തയും ദാരുണങ്ങളുമായ സംഭവങ്ങളെ എങ്ങനെ അതിജീവിക്കും?“, രക്ഷാമഹോത്സവം ആചരിക്കുക എന്നായിരുന്നു ശ്രീകൃഷ്ണന്‍റെ മറുപടി.
രജപുത്രാചാരങ്ങളിലെ നിറമുള്ള ഏടുകളാണ് രക്ഷാബന്ധനത്തിന്‍റേത്. ധീരരായ രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു.