പൊങ്കാലയൊരുക്കി ഭക്തലക്ഷങ്ങള്‍

തിരുവനന്തപുരം| WEBDUNIA|
PRO
ആറ്റുകാലമ്മയെ മനസാസ്മരിച്ച് ഇടവഴികളിലും നടവഴികളിലുമിക്കെയും പൊങ്കാലയടുപ്പുകള്‍ നിറയുന്ന പുണ്യദിനമാണിന്ന്. ഊണും ഉറക്കവും ഉപേക്ഷിച്ച് കലികാല രക്ഷകയായ ആറ്റുകാലമ്മയുടെ തിരുനടയില്‍ നിവേദിക്കുമ്പോള്‍ ഭക്തര്‍ക്ക് ദേവി സാന്ത്വനമരുളുന്നു. മഹിഷാസുര മര്‍ദ്ദിനിയായും കൊടുങ്ങല്ലൂരമ്മയാവും കണ്ണകിയായും ആരാധിക്കപ്പെടുന്ന ആറ്റുകാലമ്മ, സ്ത്രീകള്‍ക്കൊരു ശബരിമലയുണ്ടെങ്കില്‍ അത് ആറ്റുകാല്‍ ദേവീക്ഷേത്രമാണ്.

കിള്ളിയാറിന്‍റെ തീരത്ത് നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ തെക്കാണിത്. കുംഭത്തിലെ പൂരം നാളിലാണ് ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നത്. കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (ഒമ്പതാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.

പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും. വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു.

വരദായിനിയായ നാരായണീ സ്വരൂപത്തെ ദര്‍ശിക്കാനെത്തുന്ന ഭക്തരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. കേരളത്തിലെ എണ്ണം പറഞ്ഞ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമാണ് ആറ്റുകാല്‍ ഭഗവതിക്ഷേത്രം. മാതൃകാരൂപത്തില്‍ സ്ഥിതിചെയ്യുന്ന ദേവീസാന്നിദ്ധ്യം, അലൗകികമായ ചൈതന്യപ്രസരത്തോടെ ഭക്തര്‍ക്ക് സാന്ത്വനമരുളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗണപതി, നാഗരാജാവ്, മാടന്‍ തമ്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി കുടികൊള്ളുന്നത്.

ഇവിടെയുള്ള ദേവീവിഗ്രഹം ഒരു ദാരു ശില്പനിര്‍മ്മിതമാണ്. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ഇപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപിക്കുന്നതായാണ് കണ്ടു വരുന്നത്. പൊങ്കാലയുടെ ആധ്യാത്മിക വിശുദ്ധി നേരിലറിയാന്‍, അതില്‍ പങ്കു ചേരാന്‍ പുതുതായെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അമ്മയുടെ തിരുനടയില്‍ തന്നെയിരുന്ന് പൊങ്കാല നിവേദിക്കാനുള്ള ആവേശത്താല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു പോലും ഭക്തര്‍ ഇവിടെ വന്നു ചേരുന്നു.

പൊങ്കാല അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം. ദേവിക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നിവേദ്യവും അതു തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :