സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:10 IST)
സ്ത്രീകള്‍ക്ക് മാത്രമായിട്ടും ഓണവിനോദങ്ങളുണ്ട്. കൈകൊട്ടിക്കളിയാണ് അവയില്‍ പ്രധാനം. മുണ്ടും നേര്യേതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി. പൂക്കളംതീര്‍ത്ത് നടുവില്‍ നിലവിളക്ക് കൊളുത്തിവെച്ചും ചുറ്റും മണ്‍ചെരാത് എരിയിച്ചുമാണ് കൈക്കൊട്ടിക്കളി നടത്തുക.
പെണ്‍കുട്ടികളുടെ പ്രധാന ഓണവിനോദങ്ങളിലൊന്ന് തുമ്പി തുള്ളലാണ്. നോമ്പെടുത്ത ഒരു പെണ്‍കുട്ടി വട്ടത്തിനുള്ളിലിരിക്കും. ഇവള്‍ക്കുചുറ്റും വട്ടംകൂടിയിരിക്കുന്ന മറ്റ് കുട്ടികള്‍ 'എന്തേ തുമ്പീ തുള്ളാത്തു', 'തുമ്പിപ്പെണ്ണേ തുള്ളാത്തൂ' എന്നിങ്ങനെ പാടും. കളി മുറുകുമ്പോള്‍ തുമ്പിപ്പെണ്ണ് ഉറഞ്ഞുതുള്ളി പൂക്കള്‍ വാരി എറിയുന്നതാണ് ഇതിന്റെ രീതി. സ്ത്രീകള്‍ക്കുള്ള ഓണ ഊഞ്ഞാല്‍ കളി വ്യാപകമാണ്. ഓണപ്പാട്ട് അഥവാ ഊഞ്ഞാല്‍പ്പാട്ടുകള്‍ പാടി ഊഞ്ഞാലാടുകയെന്നതുതന്നെ ഇത്.