അഭിവൃദ്ധിയുടെയും ജ്ഞാനത്തിന്‍റെയും അധിപതിയെ വണങ്ങാം, ഗണേശചതുര്‍ത്ഥി പൂജയെക്കുറിച്ച് അറിയാം

Ganesha Chathurthi, Vinayaka Chathurthi, Ganapathi, Vinayakan, Puja, ഗണേശ ചതുര്‍ത്ഥി, വിനായക ചതുര്‍ത്ഥി, ഗണപതി, വിനായകന്‍, പൂജ
BIJU| Last Updated: വ്യാഴം, 10 ഓഗസ്റ്റ് 2017 (13:45 IST)
ഗ എന്നാല്‍ ബുദ്ധി, ണ എന്നാല്‍ ജ്ഞാനം, പതി എന്നാല്‍ അധിപന്‍. അങ്ങനെ ഗണപതി എന്നാല്‍ ബുദ്ധിയുടെയും ജ്ഞാനത്തിന്‍റെയും അധീശന്‍ എന്ന അര്‍ത്ഥം സിദ്ധിക്കുന്നു. ഗണേശന്‍റെ പിറന്നാളാണ് ഭാദ്രപാദ മാസത്തിലെ (ചിങ്ങത്തിലെ) നാലാം ദിവസം (ചതുര്‍ത്ഥി).

വിനായക ചതുര്‍ത്ഥി നാളില്‍ ആര്‍ക്കും ചെയ്യാവുന്ന പൂജയാണ് ചതുര്‍ത്ഥി പൂജ. ആദ്യം കുളിച്ച് ശുദ്ധി വരുത്തുക. ശുഭ്രവസ്ത്രങ്ങള്‍ ധരിക്കുക. ചെയ്യുന്ന സ്ഥലം വൃത്തിയും വെടിപ്പുമാക്കി ശുദ്ധജലം തളിച്ച് വയ്ക്കുക.

അവിടെ ഗണപതിയുടെ ചെറിയ വിഗ്രഹമോ ചിത്രമോ പ്രതിഷ്ഠിക്കുക. അതോടൊപ്പം പൂജ ചെയ്യാനുള്ള പുഷ്പങ്ങള്‍, ചന്ദനത്തിരി, ശുദ്ധജലം തുടങ്ങിയ ദ്രവ്യങ്ങളും കരുതി വയ്ക്കുക.

ഗണപതി വിഗ്രഹത്തിനു മുമ്പായി ഒരു പരന്ന താലത്തില്‍ വെറ്റില വൃത്തിയാക്കി വയ്ക്കുക. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് മാവ് ആക്കി അതുകൊണ്ട് ഗണപതിയെ സങ്കല്‍പ്പിച്ച് അറിയാവുന്ന രീതിയില്‍ രൂപമുണ്ടാക്കുക. അതിനു മുകളില്‍ കുങ്കുമാര്‍ച്ചന നടത്തി പൂക്കള്‍ വച്ച് അലങ്കരിക്കുക.

കറുകപ്പുല്ലും പൂജയ്ക്ക് ഉപയോഗിക്കാവുന്നതാണ്. വിഗ്രഹത്തിനു മുമ്പിലായി നിവേദ്യ സാധനങ്ങളും കരുതിവയ്ക്കുക. ഉണ്ണിയപ്പം, അവല്‍, മോദകം, കൊഴുക്കട്ട, മധുര അപ്പം അല്ലെങ്കില്‍ ഇലയട തുടങ്ങിയവയാണ് നിവേദ്യത്തിനായി ഉപയോഗിക്കാറുള്ളത്.

ഇത് വൃത്തിയാക്കിയ നാക്കിലയില്‍ വേണം വയ്ക്കാന്‍. അതോടൊപ്പം തന്നെ മറ്റൊരു പാത്രത്തിലോ ഇലയിലോ നാളികേരവും പഴങ്ങളും വയ്ക്കാവുന്നതാണ്.

വിളക്ക് കൊളുത്തി പൂജ ആരംഭിക്കാം. ഗണേശ ചതുര്‍ത്ഥി ശ്ലോകങ്ങള്‍ ഉരുവിട്ടുകൊണ്ട് പുഷ്പാര്‍ച്ചന നടത്താം. നിവേദ്യ വസ്തുക്കള്‍ ഭഗവാന് സമര്‍പ്പിക്കാം. പൂജ കഴിഞ്ഞയുടന്‍ നിവേദ്യ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പ്രസാദമായി നല്‍കുകയും ചെയ്യാം. എല്ലാ പൂജയും കഴിഞ്ഞാല്‍ മഞ്ഞള്‍ വിഗ്രഹം ഏതെങ്കിലും ജലാശയത്തില്‍ നിമജ്ജനം ചെയ്യണം. ചതുര്‍ത്ഥി തുടങ്ങുന്ന സമയം മുതല്‍ പൂജ തുടങ്ങണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :