ദീപാവലി - നിറങ്ങളിൽ കുളിച്ച് രംഗോലി

നിറങ്ങളിൽ കുളിച്ച് ദീപാവലി; താമരയിൽ വിരിയുന്ന രംഗോലി ഡിസൈനു‌കൾ

അപര്‍ണ ഷാ| Last Updated: വെള്ളി, 28 ഒക്‌ടോബര്‍ 2016 (16:06 IST)
 
ഒരു മഴവില്ലു ഭൂമിയിലേക്ക് പെയ്തിറങ്ങിയതു പോലെ, ആയിരം നക്ഷത്രങ്ങൾ മിഴി തുറന്നപോലെ അതാണ് ദീപാവലി ദിനത്തിൽ നമ്മെ ഓർമപ്പെടുത്തുന്നത്. ദീപാവലി സമ്മാനം പോലെ, ആഘോഷം പോലെ, പ്രധാനപ്പെട്ടതാണ് രംഗോലിയും. ദീപാവലിക്ക് വടക്കേയിന്ത്യയിലെ മിക്കവാറും വീടുകളുടെ മുറ്റത്തു തന്നെ പല നിറങ്ങളിലും പല രൂപങ്ങളിലുമുള്ള രംഗോലികള്‍ കാണാം. എന്നാല്‍ കേരളത്തിലെ ചുരുക്കം ചില സമുദായങ്ങളുടെ ഇടയിലല്ലാതെ ദീപാവലിക്ക് രംഗോലി അത്ര പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല.

ഓരോ വീട്ടുമുറ്റത്തും പല കളറിൽ പല ഡിസൈനുകളിലാണ് രംഗോലി ഒരുക്കുക. മലയാളികൾ രംഗോലി ആഘോഷമാക്കാറില്ലെങ്കിലും അതിനൊരു മലയാളി കണക്ഷൻ ഉണ്ട്. എന്താന്നല്ലേ? ഓരോ രംഗോലി കാണുമ്പോഴും മലയാളികൾക്ക് ഓർമ വരുന്ന‌ത് ഓണവും അത്തപൂക്കളവുമാണ്. പല രൂപങ്ങളാണ് രംഗോലിയിൽ കാണുന്നത്. പൂക്കളത്തിലും അങ്ങനെ തന്നെ, പല നിറത്തിൽ, പല ഡിസൈനുകളിൽ പൂക്കൾ നിറഞ്ഞ് നിൽക്കുന്നത് തന്നെ കാണാൻ നല്ല ചന്തം.

ദീപാവലിക്ക് ഐശ്വര്യവുമായി പടി കടന്നെത്തുന്ന ലക്ഷ്മീദേവിയെ വരവേല്‍ക്കാനാണ് രംഗോലി തീര്‍ക്കുന്നത്. ലക്ഷ്മീദേവിയെ കാണിക്കുന്ന താമരയാണ് കൂടുതല്‍ പേരും സ്വീകരിക്കാറ്. ആന്ധ്രയില്‍ എട്ടിതളുകളുള്ള താമരപ്പൂവാണ് (അഷ്ടദല കമലം) രംഗോലിക്കു വരയ്ക്കുന്നത്. തമിഴ്‌നാട്ടിലാണെങ്കില്‍ വരയ്ക്കുന്ന കോലത്തെ ഹൃദയകമലമെന്നാണ് പറയുന്നത്. മഹാരാഷ്ട്രയിലും താമര തന്നെയാണ് ദീപാവലി രംഗോലിക്കുണ്ടാക്കുന്നത്. അതിന്റെ പേര് ശംഖ കമലമെന്നാണ്. ഗുജറാത്തിലാകട്ടെ, രംഗോലിക്കു വരക്കാന്‍ 1001 തരം താമരകളുണ്ടത്രെ.



വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല നിറങ്ങള്‍ ഉപയോഗിച്ചാണ് രംഗോലിയുണ്ടാക്കുക.
തമിഴ്നാട്ടിലും കേരളത്തിലും അരിമാവും മഞ്ഞള്‍പ്പൊടിയുമാണ് രംഗോലിയുണ്ടാക്കാന്‍ ഉപയോഗിക്കുക. കേരളത്തിലുള്ളവർക് രംഗോലി അത്രയ്ക്ക് പ്രാധാന്യമുള്ളത് അല്ലാത്തത് കൊണ്ട് ഏത് രൂപത്തിലും ഏത് കളറിലും രംഗോലി ഉണ്ടാക്കാം.

രംഗോലിക്കു ഭംഗി കൂട്ടാന്‍ ഇടയ്ക്ക് പൂവിതള്‍ കൊണ്ട് അലങ്കരിക്കാം. ഇത് വ്യത്യസ്തമായൊരു രീതിയാവുകയും ചെയ്യും. ചിരാതില്‍ ദീപങ്ങള്‍ തെളിയിച്ച് രംഗോലിക്കു ചുററുമോ നടുവിലോ വച്ച് രംഗോലിക്ക് പത്തരമാറ്റു പകരുകയുമാകാം. ദീപങ്ങൾ ഇല്ലാതെ ദീപാവലിയും ഇല്ലല്ലോ...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :