ശിവക്ഷേത്രങ്ങൾ ഒരുങ്ങി; ശിവാലയ ഓട്ടത്തിന് ഇന്ന് തുടക്കം

മഹാശിവരാത്രിയോടനുബന്ധിച്ചുള്ള ശിവാലയ ഓട്ടത്തിന് ഇന്ന് തുടക്കം

നാഗര്‍കോവില്‍| Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (10:14 IST)
തെക്കന്‍ തിരുവിതാം‍കൂറില്‍ പെടുന്ന നാഞ്ചിനാട്ടിലെ പ്രസിദ്ധങ്ങളായ ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോട് അനുബന്ധിച്ച് ദര്‍ശനം നടത്തുന്ന പ്രസിദ്ധമായ ശിവാലയ ഓട്ടത്തിന് വ്യാഴാഴ്ച വൈകിട്ട് തുടക്കമാവും. കന്യാകുമാരി ജില്ലയിലെ 100 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന 12 ശിവക്ഷേത്രങ്ങളിലാണ് ശിവഭക്തര്‍ ദര്‍ശനം നടത്തുക.

മകരം - കുംഭം മാസങ്ങളുടെ മദ്ധ്യത്തു വരുന്ന കറുത്ത ചതുര്‍ത്ഥി ദിനമായ ശിവരാത്രിക്ക് മുമ്പുള്ള ത്രയോദശി നാളില്‍ ആരംഭിക്കുന്ന ശിവാലയ ഓട്ടത്തിനു ഒരാഴ്ച മുമ്പ് മാലയിട്ട് വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിക്കും. ഗോവിന്ദാ ഗോപാലാ എന്നുരുവിട്ടാണ് ഭക്തര്‍ ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുക. കുഴിത്തുറയിലെ താമ്രപര്‍ണി നദിയില്‍ സ്നാനം കഴിഞ്ഞ് ഈറനണിഞ്ജ് തിരുമലയില്‍ സന്ധ്യാ ദീപാരാധന തൊഴുതാണ് ഓട്ടമാരംഭിക്കുക.

കുഴിത്തുറയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള മുഞ്ചിറ തിരുമല കുന്നിലാണ് തിരുമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തുടര്‍ന്ന് ഇവിടെ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള തിക്കുറിശി ശിവക്ഷേത്രത്തിലും തുടര്‍ന്ന് പടിഞ്ഞാറോട്ട് ദര്‍ശനം അരുളുന്ന തൃപ്പരപ്പ് ശിവക്ഷേത്രത്തിലും ദര്‍ശനം നടത്തും.

പിന്നീട് തൃപ്പരപ്പില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള നന്ദികേശ്വര സന്നിധിയായ തിരുനന്ദിക്കരയിലെത്തും. ജൈനമാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം. ഒരുകാലത്ത് ഇപ്രദേശം ജൈനമത സങ്കേതമായിരുന്നു എന്നതാണിതിനു കാരണം. ഇതിനു ശേഷം ഇവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള പൊന്മന ശിവക്ഷേത്രത്തിലും തുടര്‍ന്ന് ഇവിടെ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പന്നിപ്പാകം ശിവക്ഷേത്രത്തിലും ഭക്തര്‍ ദര്‍ശനം നടത്തും.

പൊന്‍മനയില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെയുള്ള പത്മനാഭപുരത്തെ കല്‍ക്കുളം നീലകണ്ഠക്ഷേത്രത്തിലെത്തും. ക്ഷേത്ര വാസ്തുകലയുടെ പൂര്‍ണ്ണത ദര്‍ശിക്കാന്‍ കഴിയുന്ന
ഈ പ്രദേശം ഉള്‍ക്കൊള്ളുന്ന പ്രത്മനാഭപുരം വേണാട് രാജവംശത്തിന്‍റെ ആദ്യകാല തലസ്ഥാനമായിരുന്നു.

പിന്നീട് ഭക്തര്‍ കല്‍ക്കുളത്തു നിന്ന് കേവലം 3 കിലോമീറ്റര്‍ മാത്രം അകലമുള്ള പ്രസിദ്ധമായ കുമാരകോവില്‍ വേളിമല കുമാരസ്വാമി ക്ഷേത്രത്തിനടുത്തുള്ള
മേലാങ്കോട് ശിവക്ഷേത്രത്തിലെത്തും. കാലനെ സം‍ഹരിച്ച് മാര്‍ക്കണ്ഠേയനെ രക്ഷിച്ച ഉഗ്രമൂര്‍ത്തിയാണിവിടത്തെ പ്രതിഷ്ഠ. തുടര്‍ന്ന് വില്ലുക്കുറി വഴി 5 കിലോമീറ്റര്‍ അകലെയുള്ള ഒന്‍പതാമത്തെ ശിവക്ഷേത്രമായ തിരുവിടൈക്കോട്ടെത്തും. ശിവാലയ ഓട്ടത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ശിവക്ഷേത്രമാണിത്.

ഇവിടെ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള പരിതിപാണി എന്ന പേരില്‍ അറിയപ്പെടുന്ന പത്താമത്തെ ശിവക്ഷേത്രമായ തിരുവിതാം‍കോട്ടെത്തും. തക്കല നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരമാണ് തിരുവിതാം‍കോടിലേക്കുള്ളത്. തുടര്‍ന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള തൃപ്പന്നിക്കോട്ടെത്തും. പിന്നീട് നാലു കിലോമീറ്റര്‍ അകലെയുള്ള അര്‍ദ്ധനാരീശ്വര പ്രതിഷ്ഠയുള്ള പന്ത്രണ്ടാമത്തെ ശിവക്ഷേത്രമായ നട്ടാലം ക്ഷേത്രത്തിലെത്തും. ഇതോടെ ശിവാലയ ഓട്ടം പരിസമാപ്തിയാകുമെങ്കിലും ഒട്ടേറെ ഭക്തര്‍ പ്രസിദ്ധമായ ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലും തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലും എത്തി ദര്‍ശനം നടത്തിയ ശേഷമാവും മടങ്ങുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :