അടുക്കള പാചകം ചെയ്യാനുള്ള സ്ഥലമായതിനാല്‍ അതെ കുറിച്ച് കൂടുതല്‍ വേവലാതി വേണ്ടെന്ന് ധരിക്കരുത്. അടുക്കള വീടിന്‍റെ ഊര്‍ജ്ജോത്പാദന കേന്ദ്രമായതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആദ്യമായി, നിങ്ങളുടെ അടുക്കള എത്രമാത്രം വൃത്തിയുള്ളതാണെന്ന് സ്വയം നോക്കി ബോധ്യപ്പെടൂ. അത് വൃത്തിയുള്ളതും തിളങ്ങുന്നതും ആണെങ്കില്‍ നല്ല ഊര്‍ജ്ജം പ്രതിഫലിപ്പിക്കുമെന്ന് ഉറപ്പ്. മറിച്ചാണെങ്കില്‍ ആരോഗ്യ ദായകവും പോഷക സമൃദ്ധവുമായ ആഹാരം പാകം ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ തന്നെ ഇല്ലാതാക്കുമെന്നാണ് ഫെംഗ്ഷൂയി മുന്നറിയിപ്പ് നല്‍കുന്നത്.
ജലത്തെ പ്രതിനിധാനം ചെയ്യുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, വാഷ്‌ബേസിന്‍, സിങ്ക് തുടങ്ങിയവ സ്റ്റൌവ്വിന് എതിരെ ആവരുത്. അഗ്നിയും ജലവും തമ്മിലുള്ള വൈരുദ്ധ്യം കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയില്‍ അവസാനിച്ചേക്കാമെന്ന് ഫെംഗ്ഷൂയി മുന്നറിയിപ്പ് നല്‍കുന്നു.
പാചകം ചെയ്യുന്നത് ഒരിക്കലും വാതിലിന് പുറം തിരിഞ്ഞ് നിന്ന് ആവരുത്. ഇതിന് അനുസരിച്ചാവണം സ്റ്റൌ ക്രമീകരിക്കേണ്ടത്. അടുക്കളയില്‍ വായു പ്രവാഹത്തിന് ആവശ്യമായ ജനലുകള്‍ ഒരുക്കുന്നതിന് ഒപ്പം എല്ലായിടത്തും പ്രകാശമെത്തുന്ന വിധം ലൈറ്റുകളും ക്രമീകരിക്കണം.
ഭിത്തിയോട് ചേര്‍ന്ന് നിന്ന് പാചകം ചെയ്യുമ്പോള്‍ നിങ്ങളുടെ പിന്നില്‍ ആവശ്യത്തിലധികം സ്ഥലം ഒഴിഞ്ഞു കിടക്കും. ഇത് ഫെംഗ്ഷൂയി പ്രകാരം നല്ലതല്ല. ഇതിനെ മറികടക്കാനായി സ്റ്റൌവ്വിന് എതിരെ ഭിത്തിയില്‍ ഒരു കണ്ണാടി തൂക്കാം. ഇത് നിങ്ങളുടെ പിന്നില്‍ എന്ത് നടക്കുന്നു എന്ന് അറിയാന്‍ സഹായിക്കുന്നതിനൊപ്പം സ്റ്റൌവ്വിന്‍റെ ബര്‍ണറുകള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ ധനം കൊണ്ടുവരും എന്നാണ് വിശ്വാസം.
ഒരിക്കലും ഉപയോഗിക്കാത്ത സ്റ്റൌവ്വ് അടുക്കളയില്‍ വയ്ക്കരുത്. സ്റ്റൌവ്വിന്‍റെ ബര്‍ണറുകള്‍ എല്ലാം ഉപയോഗിക്കുകയും വേണം.
അടുക്കള ചുവരുകള്‍ക്ക് നിറം നല്‍കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഫെംഗ്ഷൂയി പ്രകാരം വെള്ള നിറമാണ് അനുയോജ്യം. കൂടാതെ, ഇത് വൃത്തിയുടെ സന്ദേശം കൂടിയാണ്.