WEBDUNIA|
Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:20 IST)
PRO
ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയിയില്‍ മത്സ്യത്തിന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ശക്തി വിശേഷങ്ങള്‍ അനവധിയാണ്. ഫെംഗ്ഷൂയി വിശ്വാസപ്രകാരം ജീവിതത്തിന്റെ നാനാമേഖലകളില്‍ സമൃദ്ധി നിറയ്ക്കുന്ന ഒരു ഭാഗ്യചിഹ്നമായാണ് മത്സ്യത്തെ കാണുന്നത്.
ചൈനീസ് വാക്കായ “യു” വിന് ഒരേസമയം മത്സ്യമെന്നും വിജയമെന്നും അര്‍ത്ഥമുണ്ട്. മത്സ്യത്തെ സൂക്ഷിക്കുന്നത് മൂലം വിജയവും സമൃദ്ധിയും സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. തെളിഞ്ഞ ജലത്തില്‍ മത്സ്യത്തെ സൂക്ഷിക്കുന്നത് മൂലം ആഗ്രഹിക്കുന്ന രീതിയിലുള്ള വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്നും വിശ്വാസമുണ്ട്.
മിക്ക ചൈനീസ് ഗൃഹങ്ങളിലും മത്സ്യത്തെയോ മത്സ്യ രൂപങ്ങളെയോ സൂക്ഷിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ഇവയുടെ സ്ഥാനം മിക്കവാറും അടുക്കളയിലായിരിക്കും. ചിലപ്പോള്‍ സ്വീകരണ മുറിയിലും സൂക്ഷിക്കാറുണ്ട്. മത്സ്യത്തെ സന്താനോത്പാദന ക്ഷമതയുടെ പ്രതീകമായും കരുതുന്നു.
സ്വീകരണ മുറിയിലോ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുന്ന മറ്റേതെങ്കിലും മുറിയിലോ ഇരട്ട മത്സ്യങ്ങള്‍ വയ്ക്കുന്നത് ഒത്തൊരുമയും സഹകരണവും വര്‍ദ്ധിപ്പിക്കും. ഇത് വിവാഹത്തിനെയും പ്രോത്സാഹിപ്പിക്കും.
മൂന്ന് മത്സ്യങ്ങള്‍, അതായത് രണ്ട് സ്വര്‍ണ മത്സ്യങ്ങളും ഒരു കറുത്ത നിറത്തിലുള്ള മത്സ്യവും ഉത്തമ സന്തുലനം നല്‍കുമെന്നാണ് വിശ്വാസം. സ്വര്‍ണ മത്സ്യങ്ങളെ ഡ്രാഗണ്‍ കുഞ്ഞുങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇവര്‍ ഭാഗ്യത്തിന്റെ വക്താക്കളാണ്. അതേസമയം, കറുത്ത മത്സ്യത്തെ സംരക്ഷകനായിട്ടാണ് കണക്കാക്കുന്നത്.