സിന്ദൂരപ്പൊട്ടിന്‍റെ പിന്നില്‍

IFM
ഭാരതീയ നാരികള്‍ക്ക് പൊട്ട് അഥവാ തിലകം ഒരു അധികപ്പറ്റാണോ. അല്ല, അത് ജീവിതരീതിയുടെ തന്നെ ഭാഗമായിരിക്കുന്നു. പൊട്ടു കുത്താത്ത പെണ്ണിന് അഴക് കുറഞ്ഞു എന്ന് കാമുകന്‍ പരാതിപ്പെട്ടാലും അതിശയിക്കേണ്ട. കാമുക ഹൃദയങ്ങളിലും പൊട്ട് അവശേഷിപ്പിച്ച ചുവപ്പ് നിറത്തിന് മങ്ങലേറ്റിട്ടുണ്ടാവില്ല.

എന്താണ് പൊട്ട് കുത്തലിനു പിന്നിലുള്ള വിശ്വാസം? ഇതെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശിവനും ശക്തിയും അഥവാ പ്രകൃതിയും പുരുഷനും എന്ന വിശ്വാസത്തിന് കാലമേറെ പഴക്കമുണ്ട്. പൊട്ടിനെ മൂന്നാം തൃക്കണ്ണായും ശക്തി (പാര്‍വതി) ദേവിയുടെ സാന്നിധ്യമായും കരുതുന്നവരുമുണ്ട്. ഈ വിശ്വാസത്തിനായിരുന്നു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നത്.

വിവാഹിതകളായ ഹിന്ദു സ്ത്രീകള്‍ മാത്രം സിന്ദൂരം ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ചുവപ്പ് നിറം ഉയര്‍ച്ചയെ ദ്യോതിപ്പിക്കുന്നതാണെന്നും ഒരു അഭിപ്രായമുണ്ട്. ഭര്‍ത്താവിന്‍റെ സംരക്ഷണത്തിനായി പാര്‍വതി ദേവിയുടെ അനുഗ്രഹം ഉറപ്പാക്കാനും ഭാരത സ്ത്രീകള്‍ പൊട്ട് കുത്തിയിരുന്നു.

ആര്യ വിവാഹത്തിലായിരുന്നുവത്രേ ഭാര്യയ്ക്ക് സിന്ദൂരപ്പൊട്ട് കുത്തുന്ന ആചാരം തുടങ്ങിയത്. പിന്നീട്, ഭാര്യക്ക് പൊട്ടുകുത്തി അവള്‍ വിവാഹിതയാണെന്ന സൂചന സമൂഹത്തിന് നല്‍കുന്നത് സ്ഥിരമായി; കാലാകാലങ്ങളായി ഇന്നും തുടരുന്നു.

പൊട്ടിന് ഇക്കാലത്താണ് ഫാഷന്‍ ഉണ്ടായതെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ട് എങ്കില്‍ ആ ധാരണ തെറ്റെന്ന് പറയേണ്ടിയിരിക്കുന്നു. കണ്ണന്‍റെ സ്വന്തം രാധ അഗ്നി ജ്വാലയെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള തിലകമണിഞ്ഞു എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ പൊട്ടുകളുടെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. അതിസൂക്ഷ്മങ്ങളായ ഡിസെനുകളും വര്‍ണനാതീതമായ നിറങ്ങളും പൊട്ടുകളെ ആഡംബരത്തിന്‍റെ ഭാഗം കൂടിയാക്കുന്നു. ഇന്ന് തനിയെ ഒട്ടുന്ന പൊട്ടും ഡിസൈനര്‍ പൊട്ടുകളും വിപണി കീഴടക്കുമ്പോള്‍ സിന്ദൂരം വധുക്കളുടെ സിന്ദൂരച്ചെപ്പുകള്‍ക്ക് മാത്രം വര്‍ണം നല്‍കുന്നു.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :