ചണ ഉത്പന്നത്തിന് പ്രിയമേറുന്നു

WEBDUNIA|
ചണനൂല്‍ കൊണ്ട് നിര്‍മിച്ച ആഭരണങ്ങള്‍ക്കും മറ്റുത്പന്നങ്ങള്‍ക്കും വിപണിയ്ക്ക് പ്രിയങ്കരമായി. ബ്ളാക്ക്മെറ്റല്‍, ഡള്‍ഗോള്‍ഡ്, വൈറ്റ്മെറ്റല്‍, കോപ്പര്‍ ആഭരണങ്ങള്‍ തിളങ്ങി നിന്ന ഫാഷന്‍ വിപണിയാണ് ചണനൂല്‍ ആഭണങ്ങള്‍ കൈയ്യടക്കിയിരിക്കുന്നത്.

ഉത്തേരേന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച് കേരളത്തിന്‍റെ ഫാഷന്‍ വിപണിയിലെത്തിയിരിക്കുന്ന ഇവ പ്രധാനമായും ലക്ഷ്യമിടുന്നത് യുവതലമുറയെയാണ്. ഇവയോടൊപ്പം ഭംഗിയായ രൂപകല്‍പ്പന ചെയ്ത വിവിധ തരം ബാഗുകള്‍, ചുമര്‍ ചിത്രങ്ങള്‍, പൂക്കള്‍, പൂപ്പാത്രങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയൊക്കെ വിപണിയിലെത്തിയിട്ടുണ്ട്.

കണ്ടാല്‍ ചണനൂല്‍ നിര്‍മ്മിതമെന്ന് തിരിച്ചറിയാനാവാത്ത കമ്മലുകള്‍, മാലകള്‍, നെക്ളസുകള്‍, വളകള്‍ എന്നിവയും കടകളിലുണ്ട്. 150ഓളം ഡിസൈനുകളില്‍ എത്തിയിട്ടുള്ള കമ്മലുകളാണ് കൂടുതലായി വിറ്റഴിയുന്നത്.

പത്തിനും ഇരുപതിനും ഇടയിലാണ് ഇതിന് വില. ഒറിജിനല്‍ ആഭരണങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ആഭരണങ്ങള്‍ കണ്ടാല്‍ ചണനൂലെന്ന് തിരിച്ചറിയാന്‍ വിഷമമാണ്.

200 വ്യത്യസ്ത ശൈലികളില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇവയ്ക്ക് 35 മുതല്‍ 750 രൂപ വരെയാണ് വില. എംബോയിഡറി വര്‍ക്ക് ചെയ്തിട്ടുള്ള ഡിസൈനര്‍ വളകള്‍ക്ക് 40 രൂപയോളമാകും.

ചണനൂല്‍ കൊണ്ടുണ്ടാക്കിയ ബാഗുകളാണ് വിപണിയില്‍ വിപ്ളവം സൃഷ്ടിച്ച മറ്റൊരു ഉത്പ്പനം. തുകല്‍, പ്ളാസ്റ്റിക് നിര്‍മ്മിത ബാഗുകളെ പിന്നിലാക്കി ഇവ വളരെപ്പൈട്ടെന്ന് കൗമാര മനസ്സുകള്‍ കീഴടക്കി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പൂക്കളും പ്രകൃതിഭംഗിയുമൊക്കെ തുന്നിച്ചേര്‍ത്ത ബാഗുകളുടെ ഏറ്റവും വലിയ ആകര്‍ഷണം വിലക്കുറവ് തന്നെ.

തുകല്‍ബാഗുകളുടെ വില 500നും 700നും ഇടയില്‍ നില്‍ക്കുമ്പോള്‍ മനോഹരമായ ചണബാഗുകള്‍ 100നും 200നുമിടയില്‍ ലഭിക്കുന്നു. ഹാന്‍റ്ബാഗ്, ഷോള്‍ഡര്‍ ബാഗ്, സ്കൂള്‍ ബാഗ്, ഹാന്‍റ് കിറ്റ് എന്നിവയും വില്‍പ്പനയ്ക്ക് തയാര്‍.

ചണനൂല്‍ ആഭരണങ്ങള്‍ നനയാന്‍ പാടില്ല. നനയുന്നത് അവയുടെ ആയുസ്സു കുറയ്ക്കും. കൊല്‍ക്കത്തയില്‍ കുടില്‍ വ്യവസായമായി ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചേര്‍ന്ന ഇവയുടെ മുഖ്യ ആകര്‍ഷണം അവ നിര്‍മ്മിക്കുന്നതിലെ കരവിരുതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :