കുറ്റപ്പെടുത്താത്ത നിറങ്ങള്‍

IFM
രമ്യയ്ക്ക് തുണിത്തരങ്ങള്‍ ഒരു ഭ്രമമാണ്. തുണിക്കടയില്‍ കയറിയാല്‍ ഷെല്‍ഫില്‍ നിന്ന് മിക്ക തുണിത്തരങ്ങളും വാരി മുന്നില്‍ നിരത്തിക്കും. മുന്നില്‍ വര്‍ണ്ണക്കൂമ്പാരം നിറയുമ്പോള്‍ അവള്‍ക്ക് ആകെ ഒരു അങ്കലാപ്പാണ്- ഏതാണ് നല്ലത്, ഏതാണ് എല്ലാവര്‍ക്കും ഇഷ്ടമാവുക. അവസാനം ഈ വെപ്രാളത്തില്‍ തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങള്‍ക്ക് കൂട്ടുകാരില്‍ നിന്ന് മോശമല്ലാത്ത കുറ്റപ്പെടുത്തലും ലഭിക്കും!

ഫാഷന്‍ അത് ഒരു ശൈലിയാണ്. ഏതു നിമിഷവും അത് മാറി മറിഞ്ഞേക്കാം. ഫാഷന്‍ കാലത്തിനൊത്ത് നാമെല്ലാം സ്വീകരിക്കും. എന്നാല്‍, തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

തുണിക്കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ എല്ലാം നമുക്ക് ഇഷ്ടമായെന്ന് വരാം. പക്ഷേ അവയിലേതൊക്കെ അനുയോജ്യമാവും എന്നാണ് ചിന്തിക്കേണ്ടത്. സീസണ്‍, അവസരം, ശാരീരിക പ്രകൃതം- ഈ മൂന്ന് കാര്യങ്ങള്‍ വസ്ത്ര ധാരണത്തില്‍ പ്രധാനമാണ്. പിന്നീട് വസ്ത്രങ്ങളുടെ നിറത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരിക. ഉദാഹരണത്തിന് കടും നീല മിഡിയും ഇളം നീല ടോപ്പും ഒരിക്കലും നല്ലൊരു അഭിപ്രായം തരില്ല. എന്നാല്‍, കറുപ്പിന്‍റെ കൂടെ വെളുപ്പ്, ഓറഞ്ച്, ബ്രൌണ്‍ എന്നീ നിറങ്ങളും നീലയുടെ കൂടെ ഗോള്‍ഡന്‍, ചെസ്റ്റ്നട്ട്, ഓറഞ്ച് എന്നീ നിറങ്ങളും ബ്രോണ്‍സ്, ക്രിംസണ്‍ എന്നീ നിറങ്ങളുടെ കൂടെ ഗോള്‍ഡണ്‍ നിറവും വെളുപ്പിന്‍റെ കൂടെ ചെറി, ക്രിംസണ്‍, ബ്രൌണ്‍ എന്നീ നിറങ്ങളും നിങ്ങളെ പ്രശംസാപാത്രമാക്കുമെന്ന് ഉറപ്പ്.

നീലയുടെ കൂടെ ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളും ചുവപ്പിന്‍റെ കൂടെ മഞ്ഞയും നീലയും ഒരിക്കലും അഭികാമ്യമല്ല എന്നു കൂടി മനസ്സിലാക്കണം.

ഇക്കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ത്തുവച്ചു കഴിഞ്ഞാല്‍ പിന്നെ ധൈര്യമായി തുണിക്കടയിലേക്ക് കയറാം. അവിടെ നിന്ന് അനുയോജ്യമായതു മാത്രമേ നിങ്ങള്‍ തെരഞ്ഞെടുക്കൂ എന്ന് ഉറപ്പല്ലേ.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :