ജര്‍മ്മനി പാരമ്പര്യം കാത്തു

ബാസെല്‍:| WEBDUNIA|
യൂറോപ്പിലെ കരുത്തരായ ജര്‍മ്മനി ചരിത്രം ആവര്‍ത്തിച്ചു. യൂറോ 2008 ഫുട്ബോളിലെ മികച്ച ടീമുകളില്‍ ഒന്നായ പോര്‍ച്ചുഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജര്‍മ്മനി സെമിയിലേക്ക് കടന്നു. ഇരു ടീമുകളും തമ്മില്‍ നടന്ന വാശിയേറിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇരു പകുതികളിലുമായിട്ടായിരുന്നു ഗോളുകള്‍ അഞ്ചും.

ജര്‍മ്മന്‍ ടീമിലെ സൂപ്പര്‍പ്രതീക്ഷകളെല്ലാം ഗോളടിച്ച മത്സരത്തില്‍ മദ്ധ്യനിരക്കാരന്‍ ഷ്വൈന്‍സ്റ്റീഗറാണ് ആദ്യഗോള്‍ കണ്ടെത്തിയത്. മിറാസ്ലോവ് ക്ലോസ്, മൈക്കല്‍ ബെല്ലാക്ക് എന്നിവര്‍ മറ്റ് രണ്ട് ഗോളുകള്‍ കണ്ടെത്തി. പോര്‍ചുഗലിന്‍റെ ഗോളുകള്‍ ന്യൂനോ ഗോമസ്, പകരക്കാരന്‍ ഹെല്‍‌ഡര്‍ പോസ്റ്റിഗ എന്നിവരുടെതായിരുന്നു.

ഒന്നാം പകുതിയുടെ നാല് മിനിറ്റുകള്‍ക്കിടയില്‍ രണ്ട് ഗോളുകളാണ് നെറ്റിലെത്തിയത്. 2-1 നു അവസാനിച്ച ഒന്നാം പകുതിക്ക് ശേഷം ഒരു മണിക്കൂറിനകം ജര്‍മ്മനി ഗോള്‍ നില 3-1 ആക്കി മാറ്റി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ ന്യൂനോ ഗോമസ് ഒരു ഗോള്‍ മടക്കിയിരുന്നു. ക്രൊയേഷ്യാ തുര്‍ക്കി മത്സരത്തിലെ ജേതാക്കളെ ജര്‍മ്മനി നേരിടും.

ബാസ്റ്റ്യന്‍ ഷ്വൈന്‍സ്റ്റീഗര്‍ സ്ലൈഡ് ചെയ്ത് നേടിയ ഗോള്‍ ജര്‍മ്മനിയെ ആദ്യം മുന്നിലെത്തിച്ചത്. തൊട്ടി പിന്നാലെ മിറാസ്ലോവ് ക്ലോസ് തന്‍റെ പ്രസിദ്ധമായ ഹെഡ്ഡറിലൂടെ ജര്‍മ്മനിയെ വീണ്ടും മുന്നിലെത്തിച്ചു. രണ്ട് ഗോള്‍ ലീഡുമായി കുതിക്കുകയായിരുന്ന ജര്‍മ്മനിയുടെ അഹങ്കാരം തീര്‍ത്തത് ന്യൂനോ ഗോമസായിരുന്നു. നാല്പത്തൊന്നാം മിനില്‍ മികച്ച ഒരു ക്ലോസ് റേഞ്ച് ഷോട്ട് ലക്‍‌ഷ്യം കണ്ടു. എന്നാല്‍ ജര്‍മ്മനി വിടാന്‍ ഭാവമില്ലായിരുന്നു.

രണ്ടാം പകുതി ഇരുപത് മിനിറ്റ് പിന്നിട്ടപ്പോള്‍ അവര്‍ വീണ്ടും നേടി. ഇത്തവണ ഷ്വൈന്‍സ്റ്റീഗറിന്‍റെ ഫ്രീകിക്കില്‍ തല വച്ച ബെല്ലാക്കായിരുന്നു സ്കോറര്‍. എന്നാല്‍ എണ്‍പഥേഴാം മിനിറ്റില്‍ പോസ്റ്റിഗ ഒരിക്കല്‍ കൂടി പോര്‍ച്ചുഗലിനായി ഗോള്‍ കണ്ടെത്തി. അതിനു ശേഷം പോര്‍ച്ചുഗല്‍ ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ ഒഴിഞ്ഞു നിന്നു. ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ നനഞ്ഞ പടക്കമായി പോയത് പോര്‍ച്ചുഗീസ് ആക്രമണത്തെ ബാധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :