നവരസങ്ങള്‍ നിറയുകയാണ് ആ മുഖത്ത് . മിന്നി മറയുന്ന ഭാവങ്ങള്‍ കണ്ടിരിയ്കുമ്പോള്‍ നമ്മുടെ മനസിലും ഭാവങ്ങള്‍ ഉണരുകയാണ് . ഏതൊക്കെയോ നിമിഷങ്ങളിലേയ്ക് ഒരു മൂകനര്‍ത്തകനായി നാം ഓരോരുത്തരും നയിക്കപ്പെടുന്നു.
ഇത് പീസപ്പള്ളി രാജീവ് . 2003 ല്‍ മികച്ച പ്രഫഷണല്‍ നാടക നടനുള്ള അവാര്‍ഡ് നേടിയ കലാകാരന്‍ . അറിയപ്പെടുന്ന ഒരു കഥകളി കലാകാരന്‍ കൂടിയാണ് രാജീവ് .
മൂകനര്‍ത്തകന്‍ എന്ന നാടകത്തിലെ കഥകളി വേഷമാണ് രാജീവിനെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയത് . പുരാണത്തിലെ പഞ്ചപാണ്ഡവന്മാരിലൊരാളായ ഭീമന്‍റെ വേഷം കെട്ടിയാടുകയായിരുന്നില്ല ജീവിയ്കുകയായിരുന്നു രാജീവ് എന്നതിന് കാഴ്ച്ചക്കാര്‍ സാക്ഷ്യം .
നാലു വര്‍ഷത്തോളം ഗുരുവായൂരിലെ വിശ്വഭാരതി നാടകസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്കുന്ന രാജീവിന്‍റെ അഭിനയമികവ് അറിഞ്ഞു ലഭിച്ച വേഷം തന്നെയാണ് മൂകനര്‍ത്തകനിലേത് .
അഭിനയത്തിന് പിന്‍ബലമെങ്കിലും കഥകളി രാജീവിന് ഒരു ദൗത്യം പോലെയാണ് . കലാമണ്ഡലം ഗോപിയിടെ ആരാധകനായിരുന്ന രാജീവിനെ ഗോപിതന്നെയാണ് കഥകളി അഭ്യാസനത്തിനായി അപ്പേട്ടന്‍ എന്നു വിളിയ്കുന്ന രാമന്‍ നമ്പൂതിരിയുടെ അടൂക്കലേയ്ക് അയയ്കുന്നത് . നമ്പൂതിരിയുടെ കീഴില്‍ ചിട്ടയായ പരിശീലനത്തിലൂടെ ഒരു കഥകളി പ്രതിഭ ഉണരുകയായിരുന്നു.