വളരെ വിസ്തരിച്ചുള്ള വേഷവിധാനമാണിതിന്. മനോഹരമായ വട്ടമുടിയാണ് ശിരസ്സില്‍. അതിനു മുന്‍പ് കറുത്ത ഉറുമാല്‍ കൊണ്ടു കൊണ്ട കെട്ടും. മുഖത്തു പച്ച തേയ്ക്കും. കണ്ണും പുരികവും വാലുനീട്ടി എഴുതും.
കണ്ണു ചുമക്കുന്നതിന് ചൂണ്ടപ്പൂവിടും. കടകകങ്കണങ്ങളും നെഞ്ചുപലകയും പ്യ്രത്യേകമുണ്ട്. കച്ചയും കെച്ചയും രണ്ടു കാലിലുമണിയും. "അമ്പലപ്പുഴക്കോണകം' കൊണ്ടുള്ള ഉടയാടയാണ് ധരിക്കുന്നത്.
ചടങ്ങുകള്‍ മൂന്നു ജാതി തുള്ളിലും ഏതാണ്ടൊരുപോലെയാണ്. ഒരു ചെറിയ മദ്ദളവും കൈമണിയുമാണ് മേളം. തുള്ളലിന് ,മറ്റു കേരളീയ നടനകലകള്‍ക്കെന്നപോലെ, പ്രത്യേക അരങ്ങു വേണമെന്നില്ല.
പായോ, പനമ്പോ താഴെ വിരിച്ച് അതിന്മേലാണ് സാധാരണ തുള്ളുക പതിവ്. മേളക്കാര്‍ നടന്‍റെ പിന്നില്‍ നില്‍ക്കുന്നു. നടന്‍ പാടിക്കൊടുക്കുന്നത് ഏറ്റു പാടേണ്ടത് പിന്നില്‍ നില്‍ക്കുന്ന മേളക്കാരാണ്. നടന്‍ പാടുകയും ആടുകയും ചെയ്യണം.
കഥകളിയിലെപ്പോലെ വിസ്തരിച്ചു കൈമുദ്ര കാണിക്കുന്ന പതിവ് തുള്ളലില്ല. പാട്ടിലെ പ്രധാനപ്പെട്ട ചില പദങ്ങള്‍ മാത്രമേ ആംഗ്യം കൊണ്ട് അഭിനയിക്കേണ്ടതുള്ളൂ. മേളക്കാര്‍ ഏറ്റുപാടുമ്പോള്‍ ഏതെങ്കിലും മുദ്ര പിടിച്ചുകൊണ്ട് നടന്‍ താളത്തിനൊപ്പിച്ചു നൃത്തം ചെയ്യണം.