കൂത്തിന് മിഴാവു കൊട്ടിക്കൊണ്ടു നിന്ന നമ്പ്യാര്‍ ഉറക്കം തൂങ്ങിയതു കണ്ട് ചാക്യാര്‍ അദ്ദേഹത്തെ വളരെ ആക്ഷേപിച്ചുവെന്നും, ആ പക പോക്കുന്നതിനായി അന്നു രാത്രി തന്നെ ഒരു തുള്ളല്‍ക്കഥ നിര്‍മ്മിച്ച് പിറ്റേദിവസം കൂത്തിന്‍റെ സമയത്ത് കളിത്തട്ടില്‍കയറി നമ്പ്യാര്‍ തുള്ളിത്തുടങ്ങിയെന്നുമാണ് ഈ പ്രസ്ഥാനത്തിന്‍റെ ഉത്പത്തിയെപ്പറ്റിയുള്ള ഐതീഹ്യം.
കഥ കേള്‍ക്കാന്‍ രസമുള്ളാണെങ്കിലും, സത്യത്തിന്‍റെ അംശം അതില്‍ എത്രത്തോളമുണ്ടെന്നു നിശ്ഛയിക്കാന്‍ നിവൃത്തിയില്ല. "ദക്ഷന്‍ ആക്ഷേപിച്ചതുകൊണ്ട് കോപിഷ്ഠനായ ശിവന്‍ ജട നിലത്തടിച്ചപ്പോള്‍ വീരഭദ്രന്‍ ചാടിവീണതുപോലെ, ചാക്യാരാല്‍ അധിക്ഷിപ്തനായ നമ്പ്യാര്‍ പിറ്റേദിവസം അമ്പലപ്പുഴ കളിത്തട്ടില്‍ക്കയറിനിന്നപ്പോള്‍ തുള്ളലിനു വേണ്ട സകലസാമഗ്രികളും വന്നുകൂടി എന്ന് വാദിക്കുന്നത് ഭാഷയുടെ പൂര്‍വ്വചരിത്രത്തെക്കുറിച്ചുള്ള ദയനീയമായ അജ്ഞതയെ പ്രദര്‍ശിപ്പിക്കയാകുന്നു.' എന്ന് പി.കെ നാരായണപിളള പറയുന്നു.
തുള്ളള്‍ രീതികള്‍
നമ്പ്യാര്‍ക്കു മുന്‍പുതന്നെ ഓട്ടന്‍തുള്ളലുണ്ടായിരുന്നു. കണിയാന്മാരും വേലന്മാരുമാണ് അതു നടത്തിപ്പോന്നിരുന്നത്... കണിയാന്മാരുടെ കോലം തുളളലില്‍ ഇന്നും ഓട്ടന്‍തുള്ളലിന്‍റെ ജനകരൂപം കാണാം.
സന്ധ്യാവേളയില്‍ മുഖത്തു പച്ചതേച്ചു മുടിയണിഞ്ഞു പുറപ്പെടുന്ന ഐശ്വര്യ ഗന്ധര്‍വന്‍റെ വേഷം ഓട്ടന്‍തുള്ളല്‍വേഷത്തിന്‍റെ പൂര്‍വ്വരൂപം തന്നെയാണ്.
ഇതില്‍ നിന്നെല്ലാം ഊഹിക്കേണ്ടത്, ഓട്ടന്‍തുള്ളല്‍ കോലം തുള്ളലില്‍ നിന്ന് നമ്പ്യാര്‍ അനുകരിച്ചുവെന്നാണ്. പേരിന്‍റെ ഔചിത്യം മാത്രമേ ചിന്തനീയമായിട്ടുള്ളൂ...
"ഓട്ടന്‍' എന്ന വാക്കിന് ഓടിക്കുന്നവന്‍ എന്ന അര്‍ത്ഥമാണ് . കോലം തുള്ളല്‍ ബാധയൊഴിക്കാന്‍ വേണ്ടിയുളളതാണെന്നു പ്രസിദ്ധം.