ഉച്ച കഴിഞ്ഞാണ് ശീതങ്കന്‍ തുളളല്‍ നടത്തുന്നത്. മുഖത്തു തേപ്പും മിനുക്കും പാടില്ല. കണ്ണെഴുതും, വെളുത്ത പൊട്ടുതൊടും, തലയില്‍ കറുത്ത ഉറുമാലാണ് കെട്ടുന്നത്.
അതിനു മുമ്പായി വെളുത്ത വസ്ത്രംകൊണ്ടു തലയില്‍ "കൊണ്ട'കെട്ടും. തലമുടി വെച്ചു കെട്ടുന്നതുപോലെ തലയ്ക്കു മുകളിലായി ഒരു വശത്തേയ്ക്കു ചരിച്ചു തുണികൊണ്ട് ഏതാണ്ട് അരയടി ഉയരത്തില്‍ കെട്ടുന്നതാണ് കൊണ്ട എന്നു പറയുന്നത്. (കഥകളിയില്‍ സ്ത്രീവേഷക്കാരും ഇങ്ങനെ കൊണ്ട കെട്ടാറുണ്ട്).
കൊണ്ടയ്ക്കുമേല് കറുത്ത ഉറുമാലും അതിനുപരി കുരുത്തോലമാലയും ആണ് അണിയുന്നത്. മാറിലും കുരുത്തോലകൊണ്ടുള്ള മാല ചാര്‍ത്തുന്നു. പാമ്പിന്റെ ആകൃതിയിലാണ് ഈ മാല കൊരുക്കുന്നത്. ചിലമ്പും കെച്ചയും രണ്ടു കാലിലും കെട്ടുന്നു. കടകം കുരുത്തോലകൊണ്ടാണുണ്ടാക്കുന്നത്.
പറയന്‍തുള്ളല്‍
ഇതിന് സര്‍പ്പത്തിമുടി പ്രത്യേകമുണ്ട്. ചെമന്ന പട്ടും തൊങ്ങലും ചാര്‍ത്തുന്നു. ചിലമ്പ് ഒറ്റക്കാലില്‍ മാത്രമേ പാടുള്ളൂ. അതു വലത്തെക്കാലിലായിരിക്കും. കെച്ചമണിയും അതേ കാലില്‍ മാത്രമാണ് കെട്ടുന്നത്.
കഴുത്തില്‍ മാല ചാര്‍ത്തും, ചന്ദനം പൂശും, മുഖത്തു തേപ്പും മിനുക്കുമില്ല, കണ്ണെഴുതുക മാത്രമേ ചെയ്യൂ. കാലത്താണ് പറയന്‍തുള്ളല്‍ നടത്തുന്നത്. ഒറ്റക്കാലിലേ നൃത്തമുളളൂ. അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും.