കഥകളിയുടെ സങ്കേത ശുദ്ധിയില്‍ ഉറച്ചുനിന്ന് ; അഭിനയ ചാരുതകൊണ്ടും, അഭ്യാസം കൊണ്ടും, ഔചിത്യം കൊണ്ടും ഈ കലയെ ഉയര്‍ത്തിക്കൊണ്ടു വന്നക്കൊണ്ടു വന്ന പ്രമാണികനായ നര്‍ത്തകനാണ് വാഴേങ്കട കുഞ്ചുനായര്‍.
മദ്ധ്യ കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥകളി നടനായിരുന്നു വാഴേങ്കട.അദ്ദേഹം ഓരോ കഥാപാത്രത്തേയും ആഴത്തില്‍ അറിയാന്‍ ശ്രമിച്ചു. കൂടുതല്‍ മിഴിവോടെ അവ അരങത്ത് അവതരിപ്പിച്ചു.
കളരിപാഠങ്ങള്‍ ഇല്ലാത്ത നളചരിതം പോലുള്ള ആട്ടക്കഥകള്‍ അരങ്ങത്ത് അവതരിപ്പിക്കാന്‍ പാകപ്പെടുത്തിയത് വാഴേങ്കട കുഞ്ചു നായരായിരുന്നു. വാഴേങ്കടയുടെ മൗലികമായ പരിഷ്കരണങ്ങളും ഗുരുനാഥന്മാരില് നിന്നു കിട്ടിയ ഔചിത്യ സമീക്ഷണത്വവുമാണ് ചിട്ടപ്പെടുത്താതെ കിടന്ന ഇത്തരം ആട്ടക്കഥകള്‍ക്ക് അവതരണ യോഗ്യത ഉണ്ടാക്കി കൊടുത്തത്.
നളചരിതം 3, 4 ദിവസങ്ങളിലെ ബാഹുകന്റെ വേഷമാണ് വാഴേങ്കടയുടെ ഏറ്റവും പേരുകേട്ട വേഷം.കല്യാണസൗഗന്ധികത്തിലെ ഭീമന്, ലവണാസുര വധത്തിലെ ഹനൂമാന് , സീതാസ്വയം വരത്തിലെ പരശുരമന്, കൃമ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെ അര്ജ്ജുനന് തുടങ്ങി ഒട്ടേറെ വേഷങ്ങള്‍ വാഴേങ്കടയുടെ കൈയ്യീല്‍ ഭദ്രമായിരുന്നു.മഹാബലി ദുര്യോദനന് എന്നീ കത്തിവേഷങ്ങളും ഇടക്ക് ചെയ്തിട്ടുണ്ട്.