ജീവിച്ചിരിക്കുന്ന കഥകളി കലാകാരന്മാരില് ഏറ്റവും പ്രഗത്ഭന്‍ എന്ന വിശേഷണം ഏറ്റവും ചേരുക ഒരു പക്ഷെ, കലാമണ്ഡലം ഗോപിക്കായിരിക്കും. കഥകളിയിലെ പച്ച വേഷത്തെ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച നടന്മാര് വേറെയുണ്ടാവില്ല.അദ്ദേഹത്തിനു 71 വയസ്സായി.
കേരളത്തിലെ സുന്ദരമായ അഞ്ച് വസ്തുക്കളില്‍ ഒന്ന് കലാമണ്ഡലം ഗോപിയുടെ പച്ച വേഷമാണെന്ന് ആര്‍ട്ടിസ്റ്റ് നന്പൂതിരി ഒരിക്കല്‍ വിലയിരുത്തിയിരുന്നു.
സംഗീത നാടക അക്കാഡമി അവാര്‍ഡ്, തന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന് എടുത്ത് അന്തര്‍ദ്ദേശീയ തലത്തില്‍ അവതരിപ്പിച്ച ഡോക്യുമെന്ററി എന്നിവ അടുത്ത കാലത്ത് അദ്ദേഹത്തെ ജനശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവന്നു.
1937 മേയില്‍ പൊന്നാനിക്കടുത്ത കോതച്ചിറ ഗ്രാമത്തിലാണ് വടക്കാമനലത്ത് ഗോവിന്ദന് നായര്‍ എന്ന കലാമണ്ഡലം ഗോപിയുടെ ജനനം. നിത്യ ദാരിദ്ര്യത്തില്‍ നിന്ന് കഥകളിയുടെ അക്ഷയ യശസ്സിലേക്ക് ഗോപി ഉയര്‍ന്നുവന്നത് ഈശ്വരേച്ഛയും കഠിനാധ്വാനവും കൊണ്ടാണ്.
കഥകളി പാരന്പര്യം ഒട്ടുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് കഥകളിയോട് ഒരു താത്പര്യവും തോന്നാതിരുന്ന ഒരാള്‍ ഒടുവില്‍ കഥകളിയുടെ ഏറ്റവും പ്രശസ്തനായ അവതാരകനും ഗുരുനാഥനും ആയിമാറിയതാണ് ഗോപിയുടെ ജീവിത കഥ.