2007 ഏപ്രില്‍ 29 അന്തര്‍ദ്ദേശീയ നൃത്ത ദിനം ഇക്കുറി സമര്‍പ്പിച്ചിരിക്കുന്നത് ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്കായാണ്. യുനെസ്കോയുടെ കീഴിലുള്ള അന്തര്‍ദ്ദേശീയ ഡാന്‍സ് കൗണ്‍സിലും (സി.ഐ.ഡി) ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്കുള്ള നിധിയായ യുനിസെഫും ചേര്‍ന്നാണ് ഇക്കുറി അന്തര്‍ദ്ദേശീയ നൃത്ത ദിനം ആചരിക്കുന്നത്.
ഒരു വ്യക്തിയുടെ ഭാവി ജീവിതത്തിന് ഏറ്റവും ശക്തമായ അടിത്തറ നല്‍കുന്നത് ശരിയായ വിദ്യാഭ്യാസമാണ് എന്നതുകൊണ്ട് കുട്ടികള്‍ക്ക് ജീവിതത്തില്‍ നല്ലൊരു തുടക്കം നല്‍കാന്‍ ഈ രണ്ട് സംഘടനകളും പ്രതിജ്ഞാബദ്ധമായിരിക്കുകയാണ്.
വ്യക്തിപരവും സാമൂഹികവുമായ വികസനത്തിന്‍റെ അടിസ്ഥാനപരമായ ഘടകമാണ് നൃത്തം എന്ന് ഇവര്‍ തിരിച്ചറിയുന്നു. ലിംഗഭേദം ഇല്ലാതെയും എല്ലാതരത്തിലുള്ള വിവേചനങ്ങള്‍ ഒഴിവാക്കിയും കുട്ടികള്‍ക്ക് നൃത്ത അഭ്യസനം നല്‍കണമെന്ന് ഇവര്‍ ശുപാര്‍ശ ചെയ്യുന്നു.
നൃത്തം പഠിക്കാന്‍ അവസരം നല്‍കാതെ ഒരു വിദ്യാര്‍ത്ഥിയും പഠനം പൂര്‍ത്തിയാക്കരുത്. കലകളോടുള്ള അടുപ്പം, പരിചയം ഏതുമനുഷ്യന്‍റെയും, പ്രത്യേകിച്ച് ഏത് കുഞ്ഞിന്‍റെയും ജന്മാവകാശമാണ്. ഈ അവകാശം സംരക്ഷിക്കണം. ഓരോരുത്തരുടേയും ഉള്ളിലുള്ള ഉണ്മയെ പ്രകാശിപ്പിക്കാന്‍ ഇത് സഹായകമാവും.
നൃത്തം ഒരാളുടെ ജീവിതത്തിന്‍റെ നന്മയേയും വളര്‍ച്ചയേയും സഹായിക്കുന്നു എന്നുള്ളതുകൊണ്ട് നൃത്തം പഠിക്കാനുള്ള അവസരം ലോകത്ത് എല്ലാവര്‍ക്കും നല്‍കുക. അതിനായി കുട്ടികളുടെ നൃത്ത പഠനത്തിന് ഊന്നല്‍ നല്‍കുക എന്നതാണെന്ന് സി.ഐ.ഡിയുടെ പ്രസിഡന്‍റ് പ്രൊഫ.അല്‍കിറ്റിസ് റാഫ്റ്റിസ് നൃത്തദിന സന്ദേശത്തില്‍ പറഞ്ഞു.
1982 മുതല്‍ എല്ലാ കൊല്ലവും ഏപ്രില്‍ 29 ന് അന്തര്‍ദ്ദേശീയ നൃത്ത ദിനമായി യുനെസ്കോ ആചരിച്ചുവരികയാണ്.
നൃത്താദ്യാപകര്‍, നൃത്ത സംവിധായകര്‍, ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, നൃത്ത പഠന കേന്ദ്രങ്ങള്‍ എന്നിവയെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൃഹത് പദ്ധതിക്കാണ് അന്തര്‍ദ്ദേശീയ നൃത്ത കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ ദിവസം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വമ്പിച്ച നൃത്ത പരിപാടികള്‍ നടക്കും. നൃത്തത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോദാഹരണ പ്രഭാഷണങ്ങളും റേഡിയോ ടിവി പരിപാടികളും എല്ലാം ആസൂത്രണം ചെയ്തിട്ടുണ്ട്.