1917ല്‍ തന്റെ സുഹൃത്തായ അശുതോഷ് മുഖര്‍ജിയുടെയും മറ്റും പ്രേരണയാല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം കോളജ് അധ്യാപകനായി. 1919ല്‍ രാമനെ ഇന്ത്യന്‍ ശാസ്ത്രപോഷണ സമിതിയുടെ സെക്രട്ടറിയായി നിയമിച്ചു.
കൊല്‍ക്കത്താ സര്‍വ്വകലാശാലയുടെ പ്രതിനിധിയായി 1921ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ സര്‍വകലാശാലകളുടെ സമ്മേളനത്തില്‍ പങ്കെടുത്ത രാമന് ജെ.ജെ. തോംസണെയും റൂഥര്‍ ഫോഡിനെയും പരിചയപ്പെട്ടു.
ഏകവര്‍ണ പ്രകാശത്തെ സുതാര്യ വസ്തുവില്‍ കൂടി കടത്തിവിട്ടാല്‍ വ്യത്യസ്ത നിറത്തിലുള്ള പ്രകാശം ഉണ്ടാകുമെന്ന് രാമന് കണ്ടു പിടിച്ചു. ഇതിന് രാമന് ഇഫക്ട് എന്ന പേരും നല്കി. ഈ കണ്ടു പിടിത്തത്തിനാണ് 1930ല്‍ രാമന് നോബല്‍ സമ്മാനം ലഭിച്ചത്. ഈ കണ്ടു പിടിത്തം ശാസ്ത്രലോകത്ത് ഒരു നവചൈതന്യം പ്രദാനം ചെയ്തു.
നോബല്‍ സമ്മാനം നേടുന്നതിന് മുന്‍പ് 1928ല്‍ ഇറ്റാലിയന്‍ സയന്‍സ് സൊസൈറ്റിയടെ മാത്യുചി മെഡലും 1929ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ സര് സ്ഥാനവും 1930ല്‍ റോയല്‍ സൊസൈറ്റിയുടെ ഹൂഗ്സ് മെഡലും രാമനെത്തേടിയെത്തി. കൂടാതെ 1954ല്‍ ഭാരതരത്നവും 1957ല്‍ സോവിയറ്റ് യൂണിയന്റെ അന്താരാഷ്ട്ര ലെനിന് സമ്മാനവും ലഭിച്ചു.
രാഷ്ട്രീയത്തോട് രാമന് തികഞ്ഞ അവജ്ഞയായിരുന്നു. തികഞ്ഞ ഗാന്ധിയനായ അദ്ദേഹം മനുഷ്യരാശി സമാധാനത്തിലും സൗഹൃദത്തിലും കഴിയണമെന്ന് അതിയായി ആഗ്രഹിച്ചു.
സി.വി.രാമന് നല്ലൊരു പ്രാസംഗികനും കൂടിയായിരുന്നു. ശാസ്ത്രീയ കാര്യങ്ങള്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. മരിക്കുന്നതിന് ഒരു ദിവസം തലേന്നു വരെ അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു.
1970നവംബര്‍ ഏഴാം തീയതി എണ്‍പത്തി രണ്ടാം പിറന്നാള്‍ ദിവസം രാമന് ഹൃദ്രേഗബാധയുണ്ടായി. രോഗം മൂര്‍ച്ഛിക്കുകയും നവംബര്‍ 21ന് അദ്ദേഹം അന്ത്യശാസം വലിക്കുകയും ചെയ്തു.