ജോണ്‍ കെ ഏലിയാസ്|
Last Updated:
തിങ്കള്‍, 11 ജനുവരി 2016 (17:46 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സി ബി ഐക്ക് മുന്നില്‍ ഹാജരാകാന്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഭയമോ? സി ബി ഐക്ക് മുന്നില്‍ ഹാജരാകണമെന്നുള്ള ആവശ്യത്തിന് ജയരാജന്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളോടെ നീക്കങ്ങള്‍ നടത്തുന്നതുകാണുമ്പോള്‍ രാഷ്ട്രീയനിരീക്ഷകര്‍ ഉന്നയിക്കുന്ന ചോദ്യമാണിത്. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ജയരാജന്‍ ഹാജരാകാന്‍ മടിക്കേണ്ടതില്ലെന്നാണ് പൊതുവെ വന്നിട്ടുള്ള അഭിപ്രായം.
തന്നെ അറസ്റ്റുചെയ്ത് പീഡിപ്പിക്കാന്‍
സി ബി ഐ ശ്രമിക്കുമെന്നാണ് ഹാജരാകാന്‍ വിസമ്മതിച്ചുകൊണ്ടുള്ള ജയരാജന്‍റെ വാദം. അതുകൊണ്ടുതന്നെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരിക്കുകയാണ് ജയരാജന്‍. സി ബി ഐക്കു മുമ്പില്‍ ഹാജരാകുമെന്നായിരുന്നു ജയരാജനും സി പി എമ്മും ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ നിലപാട് മാറ്റുകയായിരുന്നു.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ ഈ മാസം ആറിന് ഹാജരാകണമെന്നാണ് സിബിഐ ആദ്യം നിര്‍ദ്ദേശം നല്കിയിരുന്നത്. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ഒരാഴ്ചത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു ജയരാജന്‍റെ മറുപടി. ഇതിനെ തുടര്‍ന്നാണ് ഞായറാഴ്ച വീണ്ടും ജയരാജന് നോട്ടീസ് അയച്ചത്.
കതിരൂര്‍ മനോജ് കേസില്‍ ജയരാജനെ പ്രതി ചേര്‍ക്കുമോ എന്ന കാര്യത്തില്‍ സി ബി ഐ ഇപ്പോഴും നയം വ്യക്തമാക്കിയിട്ടില്ല. അങ്ങനെയിരിക്കെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ ജയരാജന്‍ മടിക്കേണ്ടതില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ചിലപ്പോള്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന സംശയമാണ് ജയരാജന്‍ നിലപാട് മാറ്റാന്‍ കാരണം.
ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട കതിരൂര്‍ മനോജ്. അതുകൊണ്ടുതന്നെ ജയരാജന് മനോജിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സിബിഐ അന്വേഷിക്കുകയാണ്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി വിക്രമന് ജയരാജനുമായുണ്ടായ അടുപ്പമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. വിക്രമന്‍ ജയരാജന്റെ മുന്‍ ഡ്രൈവറാണ്.
സി ബി ഐയെക്കൊണ്ട് ബി ജെ പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സി ബി ഐയുടെ ഇപ്പോഴത്തെ നീക്കത്തെക്കുറിച്ച് ജയരാജന്‍ ആരോപിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ആര്‍എസ്എസിന്റെ തിരക്കഥ സിബിഐ നടപ്പാക്കുകയാണെന്നും അദ്ദേഹം പറയുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. മുമ്പ് തിരുവനന്തപുരത്തു വച്ച് ഒരുതവണ സി ബി ഐ പി ജയരാജനെ ചോദ്യം ചെയ്തിരുന്നു.