വളന്തക്കാട് ദ്വീപില്‍ ശോഭ ഗ്രൂപ്പ് നിര്‍മിക്കാനിരിക്കുന്ന വന്‍ വ്യാവസായിക പദ്ധതിയായ ശോഭ ഹൈടെക്ക് സിറ്റി എതുവിലകൊടുത്തും തടയുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ശോഭ ഹൈടെക്ക് സിറ്റിക്ക് താമസിയാതെ അനുമതി നല്‍കാന്‍ കഴിയുമെന്ന് അടുത്തിടെയാണ് വ്യാവസായികമന്ത്രി എളമരം കരീം പറഞ്ഞത്. പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ പറഞ്ഞ് ആരുമിതിനെ തടയാന്‍ നോക്കണ്ട എന്നും എളമരം കരീം പറയുകയുണ്ടായി.
ശോഭാ ഹൈടെക്ക് സിറ്റിയെ അനുകൂലിക്കുന്ന ഇളമരം കരീം അടക്കമുള്ള സിപിഎം ഔദ്യോഗികപക്ഷത്തെ ചൊടിപ്പിക്കുന്ന പ്രസ്താവനയാണ് ഇടതുപക്ഷത്തിന്റെ തന്നെ സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയിരിക്കുന്നത്. ശോഭാ ഹൈടെക്ക് സിറ്റിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ശാസ്‌ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
പദ്ധതിയെ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് തിങ്കളാഴ്ച പരിഷത്ത് നേതൃത്വം മുഖ്യമന്ത്രിക്ക് കൈമാറി. എറണാകുളം നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രധാന സ്രോതസ്സായ ദ്വീപ് നികത്തുന്നത് നിരവധി പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പരിഷത്തിന്റെ നിലപാട്. ദ്വീപ് നികത്താനുള്ള ഏതു നീക്കവും എതിര്‍ക്കുമെന്നും പരിഷത്ത് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.
ശോഭ ഹൈടെക്ക് സിറ്റിയെ പോലുള്ള വികസന പദ്ധതികള് നടപ്പില്‍ വരുത്തുന്നതിന് എതിരുനില്‍ക്കുന്നത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും കൂടെയുള്ളവരുമാണെന്ന് പിണറായിയും എംഎ ബേബിയും തോമസ് ഐസക്കും ഉള്‍പ്പെടുന്ന സിപിഎം ഔദ്യോഗികപക്ഷം മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി കീഴ്‌ഘടകങ്ങള്‍ക്ക് അയച്ച പാര്‍ട്ടി കത്തിലാണ് ഔദ്യോഗികപക്ഷം ഈ ആരോപണം ഉന്നയിച്ചിരുന്നത്.
ശോഭ ഹൈടെക്ക് സിറ്റി, സെലാര്‍പുരിയ ഐടി പ്രോജക്‌ട് കോഴിക്കോട്ടെ കിനാലൂര്‍ സിഐഡിബി കെഎസ്ഐഡിസി പ്രോജക്‌ട്, മാവൂര്‍, ഇന്‍കെല്‍ പ്രോജക്‌ടുകള്‍, സിഡ്കോ-ടെലികോം സിറ്റി എന്നീ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുഖ്യമന്ത്രി തടസം നില്‍ക്കുന്നുവെന്നായിരുന്നു കത്തിലെ ആരോപണം.
എറണാകുളം മരട് പഞ്ചായത്തിലുള്ള വളന്തക്കാട്ടെ 350 ഏക്കറില്പ്പരം ചതുപ്പ് പ്രദേശത്തിന് സെസ് പദവി നല്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ഔദ്യോഗികപക്ഷവും രണ്ട് തട്ടിലാണ്. ഔദ്യോഗികപക്ഷവുമായി ഏറെ അടുപ്പമുള്ള ഒരു വിവാദ വ്യവസായിയുടേതാണ് ശോഭാ സിറ്റി. സിപിഎം ഔദ്യോഗികപക്ഷത്തെ ചില നേതാക്കളും ഈ വിവാദ വ്യവസായിയും തമ്മിലുള്ള കൂട്ടുകെട്ടിനെ സിപിഎമ്മിലെ തന്നെ പലരും സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്.
പരിസ്ഥിതി ദുര്‍ബലപ്രദേശമായ ഇവിടെ ചതുപ്പ് നികത്തി ഹൈടെക്ക് സിറ്റി തുടങ്ങിയാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുവുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ പ്രദേശത്തിന് സെസ് പദവി അനുവദിക്കുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞുവെച്ചത്. ഇപ്പോള്‍ പരിഷത്തും ഈ തീരുമാനത്തെ ന്യായീകരിക്കുകയാണ്.
എഴുപത്തിയയ്യായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന ശോഭ ഹൈടെക്ക് സിറ്റിയുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ ചര്‍ച്ച ചെയ്യുകയും അനുമതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അനുമതി തടയുകയായിരുന്നു. വന്‍ വ്യവസായങ്ങള്‍ വരുന്നതിലൂടെ കേരളം പുരോഗതി നേടുന്നതിനെ, പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി, തുരങ്കം വയ്ക്കുകയാണ് അച്യുതാനന്ദനും പരിഷത്തുമെന്ന് വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ശോഭാ ഹൈടെക്ക് സിറ്റി തടയുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രഖ്യാപിച്ചത് സിപിഎം ഔദ്യോഗികപക്ഷത്തിന് വീണ്ടും അടിയായിട്ടുണ്ട്. ഔദ്യോഗികപക്ഷത്തിന് എതിരെയുള്ള പരിഷത്തിന്റെ യുദ്ധപ്രഖ്യാപനം സിപിഎം നേതൃത്വത്തിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്.