WEBDUNIA|
Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2010 (11:06 IST)
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വിഎ അരുണ്‍കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്പ്‌മെന്റ്) അഡിഷണല്‍ ഡയറക്‌ടറാക്കാന്‍ യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് ആരോപണമുയരുന്നു. നേരത്തെയിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച്, യോഗ്യതാ മാനദണ്‌ഡത്തിലെ ഇളവുകളോടെ പുതിയത് ഇറക്കിയതിന്റെ പിന്നില്‍ അരുണ്‍കുമാറിനെ അഡീഷണല്‍ ഡയറക്‌ടറായി നിയമിക്കുന്നതിനുള്ള ഗൂഡലക്‌ഷ്യമാണെന്നാണ് ആരോപണം.
എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, 8 വര്‍ഷത്തെ അധ്യാപന പരിചയം, 4 വര്‍ഷത്തെ ഭരണ പരിചയം എന്നിവയായിരുന്നു മുമ്പുണ്ടായിരുന്ന സര്‍ക്കുലറില്‍ അഡീഷണല്‍ ഡയറക്‌ടര്‍ തസ്തികയിലേക്കുള്ള യോഗ്യതകളായി സര്‍ക്കുലറില്‍ നിശ്ചയിച്ചിരുന്നത്. ഇതില്‍ അധ്യാപന പരിചയം അടക്കമുള്ള യോഗ്യതകള്‍ അരുണ്‍കുമാറിനില്ല.
എന്നാല്‍ പുതിയതായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ ചില മാറ്റങ്ങള്‍ ഉണ്ട്. ഐഎച്ച്‌ആര്‍ഡിയുടെ ജോയിന്റ് ഡയറക്‌ടറായി സേവനം അനുഷ്‌ഠിക്കുന്ന വ്യക്തിക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാമെന്നു പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ ഐഎച്ച്ആര്‍ഡിക്കു കീഴിലുള്ള എഞ്ചിനീയറിംഗ് കോളെജില്‍ പ്രിന്‍സിപ്പലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവില്‍ അരുണ്‍കുമാര്‍ ഐഎച്ച്‌ആര്‍ഡിയില്‍ ജോയിന്റ് ഡയറക്‌ടറായിരിക്കെ ആരെ മുന്നില്‍ കണ്ടാണ് ഈ ‘നീക്കുപോക്കുകള്‍’ സൃഷ്‌ടിച്ചതെന്ന് വ്യക്തം.
എട്ട് വര്‍ഷത്തെ അധ്യാപന പരിചയം വേണമെന്ന പഴയ മാനദണ്ഡം പുതിയ സര്‍ക്കുലറില്‍ ഇല്ല. അരുണ്‍കുമാര്‍ നേരത്തേ കേരള സര്‍വകലാശാലയില്‍ ഗവേഷണത്തിനു അപേക്ഷ നല്‍കിയപ്പോള്‍ അധ്യാപന പരിചയത്തിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് സര്‍വകലാശാല സിന്‍ഡിക്കെറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഗവേഷണത്തിന് അനുമതി നിഷേധിക്കുകയുണ്ടായി. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് ‘അധ്യാപന പരിചയം’ എന്ന മാനദണ്ഡം ‘മുക്കി’യത് എന്നാണ് ആരോപണം.
നേരത്തേ അരുണ്‍കുമാറിനെ ജോയിന്‍റ് ഡയറക്റ്ററായി നിയമിച്ചപ്പോഴും യോഗ്യതയും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയെന്ന് പരാതി ഉണ്ടായിരുന്നു. എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, പത്തു വര്‍ഷത്തെ അധ്യാപന, സാങ്കേതിക പരിചയം തുടങ്ങിയവയാണു ജോയിന്‍റ് ഡയറക്റ്ററുടെ തസ്തികയിലേക്കുള്ള യോഗ്യതകള്‍. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് അരുണ്‍കുമാറിനെ ജോയിന്‍റ് ഡയറക്റ്ററുടെ തസ്തികയിലേക്ക് നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ ഈ യോഗ്യതകളൊന്നും നിഷ്കര്‍ഷിച്ചില്ല.
വിഎസ് അറിഞ്ഞുകൊണ്ടാണ് ഈ ‘നീക്കുപോക്കുകള്‍’ ചെയ്തുകൊടുത്തതെന്ന് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമായ പിണറായി പക്ഷം മുറുമുറുത്ത് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിഎസിനെ അഴിമതിക്കാരനാക്കാന്‍ ഔദ്യോഗികപക്ഷം നടത്തുന്ന ചരടുവലിയാണിതെന്ന് വിഎസ് പക്ഷം ആരോപിക്കുന്നു. വരും നാളുകളില്‍ വിവാദം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതോടെ ചര്‍ച്ചകള്‍ പൊടിപൊടിക്കും.