വിഷുവിനുമുണ്ട് ഐതിഹ്യവും ചരിത്രവും

PRO
PRO
സകല സാമഗ്രികളും നിറഞ്ഞ അഷ്‌ടമംഗല്യതാലം, നിറഞ്ഞുകത്തുന്ന എഴുതിരി വിളക്ക്‌. കമലനേത്രന്റെ മയില്‍പീലിയും ഓടക്കുഴലും, കളഭമേനിയും കണികാണുന്നതോടെ ഒരു വര്‍ഷം ആരംഭിക്കുന്നു. കണികാണലാണ്‌ വിഷുവിന്റെ പ്രധാനചടങ്ങ്. വിഷുവിന്റെ തലേദിവസം വൈകിട്ട്‌ കണി ഒരുക്കി വയ്ക്കുന്നു. ദീപത്തിന്‌ മുന്നില്‍ മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ കാര്‍വര്‍ണ്ണന്റെ വിഗ്രഹമോ ഉണ്ണികൃഷ്ണന്റെ ചിത്രമോ വയ്ക്കുന്നു. അതിന്‌ മുന്നിലൊരു ഭദ്രദീപം കൊളുത്തുന്നു.

അടുത്ത്‌ തട്ടത്തില്‍ അരി, നാളികേരം, വെള്ളരിക്ക, കൊന്നപ്പൂവ്‌, വാല്‍ക്കണ്ണാടി, ചെപ്പ്‌, അലക്കുപുടവ, സ്വര്‍ണ്ണാഭരണം, ഗ്രന്ഥക്കെട്ട്‌ എന്നിവ ഭംഗിയായി അടുക്കി വയ്ക്കുന്നു. വീട്ടിലെ ഗൃഹനായകനോ, ഗൃഹനായികയോ ആയിരിക്കും ആദ്യം കണികാണുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍തന്നെ ഉണര്‍ന്ന്‌ കണ്ണ്‌ തുറക്കാതെ ഒരുക്കിവച്ച കണിയുടെ സമീപമെത്തി കണികാണുന്നു. തുടര്‍ന്ന്‌ മറ്റുള്ളവരെ ഓരോരുത്തരായി കണികാണിക്കുകയോ ഒരുക്കിയ കണി അവരുടെ സമീപം കൊണ്ട്‌ ചെന്ന്‌ കാണിക്കുകയോ ചെയ്യുന്നു.

കണികണ്ട്‌ കഴിഞ്ഞാല്‍ കണിതൊട്ട്‌ തൊഴുതു നിറുകയില്‍ വയ്ക്കുന്നു. കുടുംബാംഗങ്ങള്‍ കണികണ്ട്‌ കഴിഞ്ഞാല്‍ തൊഴുത്തിലെ കന്നുകാലികളെയും പറമ്പിലെ വൃക്ഷങ്ങളെയും കണികാണിക്കുന്നു. ഈ പ്രക്രിയയിലൂടെ സമഷ്‌ടി സ്‌നേഹത്തിന്റെ സന്ദേശമാണ്‌ പ്രദാനം ചെയ്യുന്നത്‌. കണികണ്ട്‌ കുളിച്ച്‌ തൊഴുതു കഴിഞ്ഞാല്‍ ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക്‌ കൈനീട്ടം കൊടുക്കുന്നു. കൈനീട്ടത്തിന്റെ ഫലം ഒരു വര്‍ഷം നീണ്ട്‌ നില്‍ക്കുമെന്നാണ്‌ വിശ്വാസം. പണ്ട്‌ കാരണവന്മാര്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങള്‍ക്കും കൈനീട്ടം കൊടുത്തുവന്നു. കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള സ്‌നേഹവും സൗഹൃദവും കുറിക്കുന്നതാണ്‌ ഈ ചടങ്ങ്‌.

WEBDUNIA|
വിഷുക്കണിയും വിഷുക്കൈനീട്ടവും മാത്രമല്ല ജനഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ പൂത്തിരികളാകുന്നത്‌. വിഷുവിന്റെ തലേദിവസം വൈകിട്ടും വിഷുദിവസം വെളുപ്പിനും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷമുണ്ട്‌. കുട്ടികളും പ്രായം ചെന്നവരും ഇതില്‍ പങ്കുചേരുന്നു. വടക്കേ മലബാറില്‍ 'കണിവിളി' എന്ന ഒരു ചടങ്ങുണ്ട്‌, കണി കണിയേയ്‌ കണി കണിയേയ്‌ എന്ന്‌ വിളിച്ച്‌ കൊണ്ട്‌ കുട്ടികള്‍ വീടുവീടാന്തരം കയറിയിറങ്ങുകയും പച്ച ഈര്‍ക്കിലിന്‍ തുമ്പില്‍ 'കണിയപ്പം' ശേഖരിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :