വി എസിനെ സി പി എം പുറത്താക്കുമോ?

വി എസ്, സി പി എം, പിണറായി, കാരാട്ട്, കൃഷ്ണപിള്ള, ലതീഷ്
ജോണ്‍ കെ ഏലിയാസ്| Last Updated: ബുധന്‍, 31 ഡിസം‌ബര്‍ 2014 (11:46 IST)
തുറന്നടിക്കുകയാണ് വി എസ്. കണ്ണുംപൂട്ടിയുള്ള പോരാട്ടം. മുറിവേല്‍ക്കുന്നവരില്‍ ആലപ്പുഴയിലെ പളനി മുതല്‍ പിണറായി വിജയനും പ്രകാശ് കാരാട്ടും വരെയുണ്ട്. താന്‍ താഴെ വീഴും വരെ പാര്‍ട്ടിക്ക് സഹായം ചെയ്ത് കൂടെയുണ്ടാകുമെന്നും ഇനിയും മത്സരിക്കാന്‍ തയ്യാറാണെന്നും തുറന്നുപറഞ്ഞ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നു വി എസ്. പിണറായി വിജയന്‍റെ പാളിച്ചകള്‍ താന്‍ നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നും തുറന്നടിക്കുന്നു.
 
പി സ്മാരകം തകര്‍ത്ത വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഈ പോര് അതിന്‍റെ അങ്ങേയറ്റത്തേക്ക് എത്തിച്ചിരിക്കുകയാണ് വി എസ്. കാരാട്ട് ആത്മപരിശോധന നടത്തണമെന്നാണ് ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട് എന്ന തന്ത്രം വി എസ് വീണ്ടും പരീക്ഷിക്കുന്നു.
 
രണ്ടും കല്‍പ്പിച്ചുള്ള വി എസിന്‍റെ നീക്കങ്ങള്‍ ഔദ്യോഗികപക്ഷത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വി എസിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ചില ഔദ്യോഗികപക്ഷാംഗങ്ങള്‍ തുറന്നുപറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒരു സാധാരണ പാര്‍ട്ടിയംഗത്തിന് ലഭിക്കാത്ത ഔദാര്യവും ആനുകൂല്യങ്ങളും വി എസിന് ലഭിക്കുന്നുണ്ടെന്നും പാര്‍ട്ടിക്ക് മീതെ വളരാന്‍ ആരെയും അനുവദിക്കരുതെന്നും ചില നേതാക്കള്‍ തന്നെ പറയുന്നു.
 
വി എസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി പി എം തയ്യാറാകുമോ എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്. ഇതിലും ചെറിയ അച്ചടക്കലംഘനങ്ങള്‍ക്ക് ഗുരുതരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി പി എം. വി‌എസിന്‍റെ കാര്യത്തില്‍ മാത്രം പാര്‍ട്ടിനയങ്ങളില്‍ മാറ്റം വരുത്തുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായം ഔദ്യോഗികപക്ഷത്തെ പ്രമുഖര്‍ക്കുണ്ട്.
 
എന്തായാലും വി എസിന്‍റെ പടനീക്കം ഗൌരവത്തോടെയും കരുതലോടെയും വീക്ഷിക്കുകയാണ് പിണറായിപക്ഷം. വി എസിന്‍റെ ഓരോ പ്രസ്താവനയും കേന്ദ്രനേതൃത്വത്തിന് സമക്ഷവും എത്തുന്നുണ്ട്. തിടുക്കപ്പെട്ട് എന്തെങ്കിലും ഒരു തീരുമാനമെടുക്കാന്‍ നേതൃത്വം തയ്യാറാകില്ലെന്നാണ് ഇപ്പോഴും ലഭിക്കുന്ന സൂചന. വി എസിന്‍റെ ജനപിന്തുണ തന്നെയാണ് നടപടിയെടുക്കുന്നതില്‍ നിന്ന് നേതൃത്വത്തെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :