ലിജിനും ‘കണക്കു’തന്നെ; കേരളത്തില്‍ കുട്ടിഗുണ്ടകള്‍!

Lijin
കുട്ടനാട്| WEBDUNIA|
PRO
PRO
കുട്ടനാട്ടിലെ ചാത്തങ്കരി പുളിക്കീഴ്‌ നമ്മനശേരി മന്നത്തുപറമ്പില്‍ വര്‍ഗീസ്‌ മാത്യുവിന്റെ (പൊന്നച്ചന്‍) മകന്‍ ലിജിന്‍ വര്‍ഗീസ് (15) കൊല്ലപ്പെട്ട സംഭവത്തിന്റെ ദുരൂഹത നീങ്ങി. സ്കൂളില്‍ ‘ഗുണ്ടാരാജ്’ നടത്തിയിരുന്ന ലിജിനെ തരം കിട്ടിയപ്പോള്‍ ഇല്ലാതാക്കുകയായിരുന്നു താനെന്നാണ് മുട്ടാര്‍ കുന്നുകണ്ടത്തില്‍ അജിയുടെ മകന്‍ അരുണ്‍ പൊലീസിന് മൊഴി നല്‍‌കിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകനായ അരുണ്‍ ബാഗിലൊളിപ്പിക്കാവുന്ന ആയുധങ്ങളുമായാണ് സ്കൂളില്‍ എത്തിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട ലിജിനും കൊലയാളിയായ അരുണും മുട്ടാര്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ്‌. ഒരു ക്ലാസില്‍ തന്നെയായിരുന്നു ഇരുവരും പഠിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഒമ്പതാം ക്ലാസ്‌ ലീഡറായിരുന്നു അരുണ്‍. ക്ലാസില്‍ ശബ്ദമുണ്ടാക്കിയതിന്‌ ഇയാള്‍ ലിജിന്റെ പേരെഴുതി ടീച്ചര്‍ക്കു കൊടുത്തു. ക്ലാസ്സിലെത്തിയ ടീച്ചര്‍ ലിജിനെ ശിക്ഷിച്ചു. തനിക്ക് അടി വാങ്ങിച്ചുതന്ന അരുണിനെ ലിജിന്‍ വെറുതെ വിട്ടില്ല.

സഹപാഠികളുടെ മുന്നിലിട്ട് അരുണിനെ ലിജിന്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്നങ്ങോട്ട്, തന്നെ ഇടിച്ചതിന് പ്രതികാരം ചെയ്യാന്‍ തക്കം പാര്‍ത്ത് നടക്കുകയായിരുന്നു അരുണ്‍. തക്കം പാര്‍ത്ത് നടക്കുകയായിരുന്ന അരുണിന് കഴിഞ്ഞ വര്‍ഷം നല്ലൊരു അവസരം ഒത്തുവന്നില്ല. സ്കൂളിലും പുറത്തും നാല് കൂട്ടുകാരോടൊപ്പമാണ് ലിജിന്‍ നടന്നിരുന്നതെത്രെ. എന്തിനും മടിക്കാത്തവരാണ് ഇവരെന്ന് അറിയാവുന്നത് കൊണ്ട് കാത്തിരിക്കാന്‍ തന്നെ അരുണ്‍ തീരുമാനിച്ചു.

ഈ അധ്യയനവര്‍ഷത്തിന് മുന്നോടിയായി അവധിക്കാല ക്ലാസ്‌ തുടങ്ങിയ ദിവസം ക്ലാസ്‌ വിട്ടപ്പോള്‍ ലിജിനെ അരുണ്‍ സ്കൂളിലെ കഞ്ഞിപ്പുരയ്ക്കു സമീപത്തേക്കു വിളിച്ചുകൊണ്ടുപോയി. പഴയ ഒമ്പതാം ക്ലാസ് ഒരു പ്രാവശ്യം കൂടി കാണാമെന്ന് പ്രലോഭിപ്പിച്ചാണ് ലിജിനെ അരുണ്‍ സ്കൂളിന്റെ തെക്കുവശത്തെ മതിലിനോടും കഞ്ഞിപ്പുരയോടും ചേര്‍ന്ന ഒഴിഞ്ഞ മൂലയിലെത്തിച്ചത്. സ്കൂള്‍ കെട്ടിടത്തിനും മതിലിനും ഇടയ്ക്കുള്ള ഇടുങ്ങിയ സ്ഥലത്തുവെച്ച്‌ കൈപ്പൂട്ടിട്ടുനിര്‍ത്തി കത്തികൊണ്ട്‌ ലിജിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

അരുണിന്റെ കൈ ലിജിന്‍ തട്ടി മാറ്റിയപ്പോള്‍ കുത്ത്‌ കഴുത്തിനേറ്റു. പിന്നെ കഴുത്തിലും കുത്തി. ആദ്യകുത്തില്‍തന്നെ വീണുപോയ ലെജിന്റെ കഴുത്തിലും വയറിലും വീണ്ടും കുത്തി. പിന്നെ കഴുത്തറത്തു. സമീപത്തുകിടന്ന കരിങ്കല്ലുകൊണ്ട്‌ ഒടുവില്‍ തലയിടിച്ചുതകര്‍ത്തു. നുരഞ്ഞുപൊന്തിയിരുന്ന ദ്വേഷ്യം തീര്‍ക്കാന്‍, കൈയില്‍ കരുതിയിരുന്ന കുപ്പിച്ചില്ലുകൊണ്ട്‌ ലിജിന്റെ ശരീരമാകെ വരഞ്ഞുകീറി.

കൃത്യത്തിനുശേഷം സ്കൂള്‍ കോമ്പൗണ്ടിന്റെ പുറത്തേക്കിറങ്ങി, സമീപത്തെ പള്ളിപ്പാലംതോട്ടില്‍ ചോരക്കറ കഴുകി വീട്ടിലേക്ക് പോയി. ഷര്‍ട്ടില്‍ ഉണ്ടായിരുന്ന ചോരപ്പാടുകള്‍ കണ്ട വീട്ടുകാരോട്‌ കൈമുറിഞ്ഞതാണെന്നാണ്‌ പറഞ്ഞത്‌. ഉടന്‍തന്നെ വീട്ടില്‍നിന്ന്‌ പെരുന്നാള്‍ നടക്കുന്ന എടത്വാപള്ളിയിലേക്കുപോയി. അവിടെനിന്ന്‌ കരുവാറ്റയിലും കറങ്ങി. ചൊവ്വാഴ്ച ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷനിലെത്തി കാഞ്ഞങ്ങാട്ടേക്ക്‌ പോകാന്‍ ശ്രമിക്കുമ്പോഴാണ്‌ പിടിയിലായത്‌.

ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രതികാരം ചെയ്യാന്‍ നടക്കുന്ന ഒരു തലമുറയാണ് കേരളത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് ഈ കൊലപാതകം നമ്മോട് പറയുന്നത്. ക്വട്ടേഷന്‍ സംഘവും സ്ത്രീപീഡനക്കാരും ഭൂമാഫിയക്കാരും മണലൂറ്റുകാരും കള്ളവാറ്റുകാരും തഴയ്ക്കുന്ന നമ്മുടെ കൊച്ചുകേരളത്തിന്റെ തലയില്‍ ഇപ്പോഴിതാ പുതിയ തൂവല്‍ കൂടി, സ്കൂളുകളില്‍ നിന്നും ‘കുട്ടിഗുണ്ടകള്‍’!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :