ലാളിത്യത്തോടും കാര്‍ക്കശ്യത്തോടും സമദൂരം പുലര്‍ത്തി

WEBDUNIA|
PRO
PRO
മൂന്ന് പതിറ്റാണ്ടിലേറെക്കാലം എന്‍ എസ് എസിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ച പി കെ നാരായണപ്പണിക്കര്‍ വിടപറഞ്ഞു. എന്‍ എസ് എസിന്റെ ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് പെരുമാറ്റത്തിലെ ലാളിത്യവും നിലപാടുകളിലെ കാര്‍ക്കശ്യവുമാണ്. മിതഭാഷിയായ അദ്ദേഹം അമിതാവേശം കാട്ടി വിവാദങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

സമദൂര സിദ്ധാന്തത്തില്‍ അടിയുറച്ച് എന്‍ എസ് എസ് നീങ്ങിത്തുടങ്ങിയത് അദ്ദേഹത്തിന്റെ
നേതൃത്വത്തിന്‍ കീഴിലായിരുന്നു. എല്‍ ഡി എഫ്, യു ഡി എഫ് എന്നീ മുന്നണികള്‍ മാറി മാറി കേരളം ഭരിച്ചപ്പോഴൊക്കെയും സമദൂരം കൈവിടാതെ അദ്ദേഹം എന്‍ എസ് എസിനെ മുന്നോട്ട് നയിച്ചു. ഒരു മുന്നണിയുടേയും ഘടകകക്ഷിയാകാതെ, അവയ്ക്കിടയില്‍ തന്ത്രപൂര്‍വ്വം നില്‍ക്കാന്‍ അദ്ദേഹത്തിനും സംഘടനയ്ക്കും സാധിക്കുകയും ചെയ്തു.

മതസൌഹാര്‍ദ്ദത്തിന് മുന്‍‌ഗണന നല്‍കിയ നാരായണപ്പണിക്കര്‍ എല്ലാ മതനേതാക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എസ് എസ് എസിനെയും എസ് എന്‍ ഡി പിയേയും ഒരുമിപ്പിച്ച് ഹിന്ദു ഐക്യം സാധ്യമാക്കാന്‍ അദ്ദേഹം മുന്‍‌കൈയെടുക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ചില നിലപാടുകള്‍ മാറി മറിഞ്ഞപ്പോള്‍ അത് പ്രാവര്‍ത്തികമാകാതെ പോയി. ഹിന്ദു ഐക്യം സാധ്യമാകാതെ പോയതിലുള്ള ദു:ഖം അടുപ്പമുള്ളവരോട് അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

തിരക്കുള്ള അഭിഭാഷകനായി പ്രവര്‍ത്തിക്കുമ്പോഴാണ്, അതൊക്കെ മാറ്റിവച്ച് അദ്ദേഹം എന്‍ എസ് എസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കൃഷി, വായന എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. തന്റെ അനന്തരാവകാശികളെ പി‌ന്‍‌ഗാമികളാക്കാതെ മാതൃക കാട്ടിയ നേതാവാണ് അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :