ഇടുക്കിക്ക് പ്രായം നാല്‍പ്പത്!

തൊടുപുഴ| WEBDUNIA|
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ ഇടുക്കി ജില്ലയ്ക്ക് നാല്‍പ്പത് വയസ് പൂര്‍ത്തിയാവുന്നു. കോട്ടയം ജില്ലയിലായിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന താലൂക്കും (മഞ്ഞല്ലൂരും കല്ലൂര്‍ക്കാടും ഒഴികെയുള്ള പ്രദേശങ്ങള്‍) കൂട്ടിച്ചേര്‍ത്ത് 1972 ജനുവരി 26നാണ് ഇടുക്കി രൂപം കൊണ്ടത്.

തുടക്കത്തില്‍ കോട്ടയത്തെ താത്കാലിക ഓഫീസില്‍ നിന്നാണ് ഇടുക്കി ജില്ലയുടെ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. തുടര്‍ന്ന് ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി പൈനാവില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഓഫീസ് ജില്ലയുടെ ഓഫീസാക്കി മാറ്റുകയായിരുന്നു.

ജില്ല രൂപികരിച്ച് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഇടുക്കി ജില്ലയുടെ ബാലാരിഷ്ടതകള്‍ മാറിയിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇടുക്കി ജില്ല ഇപ്പോള്‍ കൂടുതലായി വാര്‍ത്തയില്‍ ഇടം‌പിടിക്കാന്‍ കാരണം. ഇതിനിടെ ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടിലെ ചില കോണ്‍ഗ്രസ് എം പിമാരും രംഗത്ത് വന്നതും ഏറെ വിവാദമായ കാര്യമാണ്.

തമിഴ് വംശജര്‍ ധാരാളമായി താമസിക്കുന്ന ഇടുക്കിയിലെ മലയാളികളില്‍ ഭൂരിഭാഗവും കോട്ടയത്ത് നിന്നുള്ള കുടിയേറ്റ കര്‍ഷകരാണ്. ഇവിടുത്തെ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :