മലയാളത്തിലെ ഏതു പത്രത്തെയും വെല്ലുവിളിക്കാനുള്ള എഡിറ്റോറിയല്‍ ശക്തിയുമായാണ് ചാലപ്പുറത്ത് നിന്ന് വര്‍ത്തമാനം ആരംഭിച്ചത്. ചീഫ് എഡിറ്ററായി സാസ്കാരിക കേരളത്തിന്‍റെ മനസാക്ഷി ആഴിക്കോട്. ധാര്‍മ്മിക പിന്തുണയുമായി മലബാറിന്‍റെ കഥാകാരന്‍ എന്‍ പി മുഹമ്മദ്, പത്രപ്രവര്‍ത്തകരംഗത്ത് സമ്പന്നമായ പ്രവര്‍ത്തന പാരമ്പര്യമുള്ള പി ജെ മാത്യുസാര്‍ , കേരളകൗമുദിയില്‍ നിന്നും ടി വി വേലായുധന്‍, ചടുല പത്രപ്രവര്‍ത്തനത്തിന്‍റെ ആവേശവുമായി വി ആര്‍ ജയരാജ്, രാജ്യാന്തരപത്രപ്രവര്‍ത്തന പാരമ്പര്യവുമായി ജീമോന്‍ ജേക്കബ്, സ്പോര്‍ട്സ് ഡെസ്കില്‍ രവിമേനോന്‍, എഴുത്തുകാരനായ ഹാഫിസ് മുഹമ്മദ്, നീനി , മനോരമയില്‍ നിന്നും കെ ബാലചന്ദ്രന്‍ , പട്ടികകള്‍ നീളുന്നു. എന്നാല്‍ അവരെല്ലാം ഇന്ന് എവിടെ പോയി ?
പാഴായിപോയ യുവശക്തി
പത്രപ്രവര്‍ത്തക രംഗത്തെ പുതുനാമ്പുകളായ നാല്‍പതിലേറെ യുവജനങ്ങളുടെ സാന്നിധ്യമായിരുന്നു വര്‍ത്തമാനത്തിന്‍റെ ശക്തിയായി ഞാന്‍ കരുതിയത്.മാത്യുസ്സാറിന്‍റെ ശക്തമായ കര്‍ശനവും തീഷ്ണവുമായ തെരഞ്ഞെടുപ്പ് പ്രക്രീയയിലൂടെ സുദീര്‍ഘമായ എഴുത്തു പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തെരഞ്ഞെടുക്കപ്പെട്ടവര്‍.
വര്‍ത്തമാനത്തിന്‍റെ ആദ്യ പ്രതിയില്‍ മഷി പുരളുന്നതിന് മുമ്പ് തന്നെ എന്‍ പിയുടെ ചരമക്കുറിപ്പ് അച്ചടിച്ച് ഇറക്കേണ്ടി വന്നെങ്കിലും വര്‍ത്തമാനത്തിന്‍റെ തുടക്കം വലിയ പ്രതീഷയാണ് നല്‍കിയത്. ന്യൂനപക്ഷ സ്വാതന്ത്ര്യത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി വാതോരാതെ വാദിക്കുന്ന ചില പത്രങ്ങള്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ ഇപ്പോഴും മടിച്ചു നില്‍ക്കുമ്പോള്‍ വര്‍ത്തമാനത്തിന്‍റെ ഡെസ്കിലും ബ്യൂറോയിലും തന്‍റേടത്തോടെ വനിത പത്രപ്രവര്‍ത്തകര്‍ പണിയെടുത്തു.
പര്‍ദ്ദയും മുഖാവരണവും ഇല്ലാതെ മുസ്ലീം വനിതാപത്രപ്രവര്‍ത്തകര്‍ മുസ്ലീം സംഘടന നിയന്ത്രിക്കുന്ന വര്‍ത്തമാനം പത്രത്തില്‍ ജോലി എടുത്തു. യാഥാസ്ഥിതിക ചട്ടക്കൂട് തകര്‍ത്ത് പുറത്ത് വന്ന വര്‍ത്തമാനത്തിന്‍റെ സ്വതന്ത്ര നിലപാടുകള്‍ കേരളം ചര്‍ച്ച ചെയ്തു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ലൈംഗിക ആരോപണവുമായി റജീന ഇന്ത്യാവിഷന്‍ ചാനലിന്‍റെ ഓഫീസിലേക്ക് ഓടിക്കയറിയതിന്‍റെ പിറ്റേ ദിവസം അങ്ങനെ ഒരു സംഭവം കേരളത്തില്‍ ഉണ്ടായിട്ടേ ഇല്ല എന്ന ഭാവത്തില്‍ ഇറങ്ങിയ ഏക പത്രം വര്‍ത്തമാനം മാത്രമായിരുന്നു.