ഭോപ്പാല്‍: കാറ്റിനൊപ്പം ഒഴുകിവന്ന മരണം

WEBDUNIA|
PRO
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വിതച്ച മരണക്കഥയറിയുന്നവര്‍ക്ക് ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ച് കൂടുതല്‍ വിശദീരണം ആവശ്യമില്ല. 1984 ഡിസംബര്‍ രണ്ടിന് രാത്രി ഭോപ്പാലിലെ ഗലികളിലൂടെ ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ട് ഓടിയ ഒരു ജനത ഇപ്പോഴും ഓട്ടം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

25 വര്‍ഷം പിന്നിടുമ്പോഴും അഞ്ചര ലക്ഷത്തോളം വരുന്ന ഭോപ്പാലിലെ ജനതയുടെ ജീവിതം യൂണിയന്‍ കാര്‍ബൈഡ് ഉയര്‍ത്തിയ വിഷവാതകത്തേക്കാള്‍ മൂടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഉറ്റവരുടെ ജീവന്‍റെ വിലയായി സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും നല്‍കിയത് 72000 രൂപ. വിഷവാതകം ശ്വസിച്ചതു മൂലം ജീവച്ഛവമായി തീര്‍ന്നവര്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് 700 രൂപ മുതല്‍ 22000 രൂപവരെ നല്‍കാനും സര്‍ക്കാര്‍ സൌമനസ്യം കാട്ടി.

എന്നാല്‍, നഷ്ടപരിഹാര തുക കൊണ്ട് പരിഹരിക്കാവുന്നതല്ല ഇവിടുത്ത ജനതയുടെ പ്രശ്നം. ഭോപ്പാല്‍ ദുരന്തം സംഭവിച്ച് 25 വര്‍ഷം കഴിഞ്ഞിട്ടും ഇവിടുത്തെ വീടുകളില്‍ ഇപ്പോഴും ദുരന്തത്തിന്‍റെ സ്മാരകങ്ങളായി വൈകല്യമുള്ള കുഞ്ഞുങ്ങള്‍ പിറക്കുന്നു. യൂണിയന്‍ കാര്‍ബൈഡ് ഉയര്‍ത്തിയ വിഷവാതകം ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നില്ല എന്ന് മനസ്സിലാക്കാന്‍ ഇതുവരെ നമ്മുടെ സര്‍ക്കാരിനായിട്ടില്ല. കാര്‍ബൈഡ് കമ്പനി ഇവിടെ നിക്ഷേപിച്ചത് ഒരു ജനതയുടെ ധമനികളെയാകെ വിഷമയമാക്കാന്‍ പോന്ന രാസവസ്തുക്കളാണെന്ന സത്യം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു.

ഭോപ്പാലില്‍ ഇപ്പോള്‍ ജനിക്കുന്ന കുട്ടികളില്‍ മൂന്നിലൊരാള്‍ മാത്രമാണ് ജീവിതത്തില്‍ പിച്ചവയ്ക്കുന്നത്. അതിജിവിക്കുന്ന പലകുഞ്ഞുങ്ങളും കാഴ്ചയില്‍ പേടിപ്പെടുത്തുന്ന ജീവച്ഛവങ്ങളാണ്. ഗ്രീന്‍പീസ് നടത്തിയ പഠനങ്ങളില്‍ ഭോപ്പാലിലെ മണ്ണും മനുഷ്യനും കിണര്‍ വെള്ളവും പച്ചക്കറിയുമെല്ലാം മാരകമായ രാസവസ്തുക്കളുടെ വാഹകരാ‍ണെന്ന് കണ്ടെത്തിയിരുന്നു.

2002ല്‍ അമേരിക്കയിലെ പരിസ്ഥിതി ഏജന്‍സി നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഭോപ്പാലിലെ കിണര്‍വെള്ളത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദനീയമായതിലും 20000 മുതല്‍ 60 ലക്ഷം വരെ മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ഇതിനെല്ലാം പുറമെ നാഫ്തോള്‍, മെര്‍ക്കുറി, ഓര്‍ഗനോ ക്ലോറിന്‍, ക്രോമിയം, ചെമ്പ്, നിക്കല്‍, ലെഡ് എന്നിവയുടെ അംശവും കണ്ടെത്തി.

ഫാക്ടറി വളപ്പില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് മെട്രിക് ടണ്‍ രാസാവശിഷ്ടങ്ങള്‍ കാരണം ഭോപ്പാലിലെ ജലസ്രോതസുകളെല്ലാം വിഷമയമായിരിക്കുകയാണെന്ന് 2004ല്‍ ബി ബി സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമിയുടെ 300 മീറ്റര്‍ ആഴത്തിലേക്ക് വരെ വിഷാംശം പടര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

2004ല്‍ ഭോപ്പാലിലെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നെങ്കിലും എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ആയി. ഇതൊന്നും ഭോപ്പാലിലെ മണ്ണിനേക്കാള്‍ വിഷം തീണ്ടിയ അധികൃതരുടെ കണ്ണു തുറപ്പിച്ചില്ല. ഇനിയും എത്രയോ തലമുറകള്‍ വിഷജലം കുടിച്ച് ഇവിടെ മരിച്ചു ജീവിക്കും. അപ്പോഴും, സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകകളുടെ കുപ്പിവെള്ളവും കുടിച്ച് ഭോപ്പാലിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടേ ഇരിക്കും.

അടുത്തപേജില്‍ - അന്ന് ഭോപ്പാലില്‍ സംഭവിച്ചത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :