ലങ്ക വെട്ടിപ്പിടിച്ച രജപക്സെ

കൊളംബോ| WEBDUNIA| Last Modified ബുധന്‍, 27 ജനുവരി 2010 (18:21 IST)
PRO
2005 ല്‍ മഹീന്ദ രജപക്സെ ലങ്കയുടെ പ്രസിഡന്‍റായത് ഭാഗ്യം കൊണ്ടാണെങ്കില്‍ ഇക്കുറി അതേ ഭാഗ്യദേവതയെ രണ്ടാമതൊന്നുകൂടി വേഷം കെട്ടിക്കുകയായിരുന്നു അദ്ദേഹം. എല്‍ടിടിഇക്ക് പറ്റിയ വീഴ്ചയായിരുന്നു അന്ന് രജപക്സെയ്ക്ക് അധികാരത്തിലേക്കുള്ള പരവതാനി വിരിച്ചതെങ്കില്‍ ഇന്ന് എല്‍ടിടിഇ യെ തറപറ്റിച്ച വീര്യമാണ് രജപക്സെയ്ക്ക് തുണയായത്. അപ്രതീക്ഷിത രാഷ്ട്രീ‍യ മലക്കം മറിച്ചിലുകളും മറ്റും തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും രജപക്സെയുടെ വിജയം ഏതാണ്ട് സുനിശ്ചിതമായിരുന്നു.

മൂന്ന് പതിറ്റാണ്ടോളം രാജ്യത്ത് അസ്ഥിരത ഉയര്‍ത്തിയ എല്‍ടിടിഇയെ തുടച്ചുനീക്കിയതിന്‍റെ കടപ്പാടാണ് ഈ വിധിയെഴുത്തിലൂടെ രജപക്സെയോട് ലങ്കന്‍ ജനത പ്രകടിപ്പിച്ചത്. രാഷ്ട്രീയ, സാമൂഹിക, വികസന മേഖലകളില്‍ ലങ്കയുടെ കുതിപ്പിനായിരിക്കും ഇനി ലോകം സാക് ഷ്യം വഹിക്കുക എന്ന ധാരണ ജനങ്ങളിലേക്ക് കടത്തിവിടാന്‍ എല്‍ടിടിഇയുടെ പതനശേഷം രജപക്സെയ്ക്ക് സാധിച്ചിരുന്നു. ഈ തരംഗമാണ് വോട്ടായി ഇക്കുറി രജപക്സെയ്ക്ക് ലഭിച്ചത്. കാലാവധി അവസാനിക്കാന്‍ രണ്ട് കൊല്ലം കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും വീണ്ടും ജനവിധി തേടുക എന്ന സാഹസത്തിന് രജപക്സെയെ പ്രേരിപ്പിച്ചതും അതിന് ആത്മവിശ്വാസം നല്‍കിയതും ഈ ഘടകം തന്നെയാണ്.

ലങ്കയുടെ കിഴക്കന്‍ മേഖലയിലെ ഹാംബാന്‍ടോട്ട ജില്ലയിലെ മെദമുലാന എന്ന സ്ഥലത്ത് 1945 നവംബര്‍ പതിനെട്ടിനാണ് രജപക്സെ ജനിച്ചത്. രാഷ്ട്രീയ പാരമ്പര്യം ഏറെയുണ്ടായിരുന്ന കുടുംബമായിരുന്നു രജപക്സെയുടേത്. 1970 ല്‍ 6626 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് രജപക്സെ ആദ്യമായി ലങ്കന്‍ പാര്‍ലമെന്‍റിലെത്തുന്നത്. പിന്നീട് ഏറെക്കാലം പാര്‍ലമെന്‍റില്‍ നിന്ന് വിട്ടുനിന്ന് നിയമവിദഗ്ധന്‍റെ വഴികള്‍ തേടിയ രജപക്സെ അപ്പോഴും പൊതുരംഗത്ത് നിന്ന് പൂര്‍ണ്ണമായി അപ്രത്യക്ഷനായിരുന്നില്ല.1989 ല്‍ പ്രതിപക്ഷത്തെ തീപ്പൊരിയായിട്ടായിരുന്നു രജപക്സെ പിന്നീട് പാര്‍ലമെന്‍റിലെത്തിയത്. ഭരണകക്ഷിയായിരുന്ന യുഎന്‍പിയുടെ കാലത്തെ പല ചെയ്തികളെയും അദ്ദേഹം നിശിതം വിമര്‍ശിച്ചു. രാഷ്ട്രീയനേതാവ് എന്ന നിലയില്‍ രജപക്സെ ജനശ്രദ്ധയാകര്‍ഷിക്കുന്നത് ഈ കാലഘട്ടത്തിലായിരുന്നു.

1994 ല്‍ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി ചന്ദ്രികാ കുമാര തുംഗെയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ രജപക്സെ ആ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി. പിന്നീട് ഫിഷറീസ് അക്വാടെക് വകുപ്പിന്‍റെ ചുമതലയിലും രജപക്സെ നിയുക്തനായി. തുടര്‍ന്ന് 2001 ല്‍ എതിര്‍ പാര്‍ട്ടിയായ യുഎന്‍പി മൂന്ന് വര്‍ഷക്കാലത്തേക്ക് അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ വേഷം ലഭിച്ചതും രജപക്സെയ്ക്കായിരുന്നു. 2004 ല്‍ രജപക്സെയുടെ പാര്‍ട്ടി അധികാരം തിരിച്ചുപിടിച്ചപ്പോള്‍ പ്രധാനമന്ത്രിയായി പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നതും രജപ്ക്സെയെ തന്നെയായിരുന്നു. അങ്ങനെ 2004 ഏപ്രില്‍ ഒന്നിന് രജപക്സെ ലങ്കയുടെ പ്രധാനമന്ത്രിയുമായി. 2005 ല്‍ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രജപക്സെ ഭാഗ്യം കൊണ്ട് അവിടെയും വിജയിച്ചു.

എല്‍.ടി.ടി.ഇ.യുടെ ബഹിഷ്‌കരണാഹ്വാനത്തെത്തുടര്‍ന്ന്‌ തമിഴര്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 1,80,000 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു രാജപക്സെയുടെ വിജയം. എതിര്‍സ്ഥാനാര്‍ഥിയും മുന്‍പ്രധാനമന്ത്രിയുമായ റനില്‍ വിക്രമസിംഗെയ്ക്ക് അനുകൂലമായി ലഭിക്കേണ്ട വോട്ടുകളാണ്‌ എല്‍.ടി.ടി.ഇ.യുടെ ഇടപെടലിനെത്തുടര്‍ന്ന്‌ പോള്‍ ചെയ്യാതെ പോയത്‌. ഈ വിഡ്ഡിത്തത്തിന് എല്‍ടിടിഇ ക്ക് നല്‍കേണ്ടിവന്ന വില സംഘടനയുടെ നിലനില്‍പു തന്നെയായിരുന്നു. 2005 നവംബര്‍ 19 നാണ് പ്രസിഡന്‍റായി രജപക്സെ സത്യപ്രതിജ്ഞ ചെയ്തത്.

രാഷ്ട്രീയപരമായി നിരവധി വെല്ലുവിളികളാണ് ഈ തെരഞ്ഞെടുപ്പില്‍ രജപക്സെ നേരിട്ടത്. പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ്‌ നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാര്‍ക്‌സിസ്റ്റ്‌ വീക്ഷണമുള്ള ജനതവിമുക്തി പെരുമുനയും തമിഴ്‌ നാഷണല്‍ അലയന്‍സും പൊതുസ്ഥാനാര്‍ഥിയായാണ്‌ രജപക്സെയുടെ എതിരാളിയായി ഫൊന്‍സേകയെ മത്സരത്തിനിറക്കിയത്‌. 33 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ്‌ ഇരുകക്ഷികളും ഒരു മുന്നണിയിലെത്തിയത്. പുലികളുമായി ശക്തമായ അടുപ്പം പുലര്‍ത്തിയിരുന്ന തമിഴ്‌ നാഷണല്‍ അലയന്‍സ്‌ (ടി.എന്‍.എ.) രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനയായ മുസ്‌ലിം കോണ്‍ഗ്രസ് തുടങ്ങിയവര്‍ ഫൊന്‍സേകയ്ക്കൊപ്പം ഉണ്ടായിരുന്നു‌. ഏറ്റവുമൊടുവില്‍ രജപക്സെയുടെ പാര്‍ട്ടിയില്‍ നിന്നുതന്നെ മുന്‍ പ്രധാനമന്ത്രി കൂടിയായ ചന്ദ്രിക കുമാരതുംഗെയും ഫൊന്‍സെകയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ഉള്ള പദവിയാണ് ലങ്കന്‍ പ്രസിഡന്‍റിന്‍റേത്. പ്രധാനമന്ത്രിയെ നിയമിക്കാനും പിരിച്ചുവിടാനും പാര്‍ലമെന്‍റ് പിരിച്ചുവിടാനുമെല്ലാം പ്രസിഡന്‍റിന് അധികാരമുണ്ട്. 2.1 കോടി മൊത്തം ജനസംഖ്യ വരുന്ന ലങ്കയില്‍ 1.4 കോടിയിലധികം വോട്ടര്‍മാരാണുള്ളത്. സിംഹള ആധിപത്യമുള്ള രാജ്യത്ത് ഏതാണ്ട് പതിനെട്ടു ശതമാനം വരുന്ന തമിഴ്വംശജരുടെ വോട്ടാണ് വിജയം നിശ്ചയിക്കുക എന്നുറപ്പായിരുന്നു. എല്‍ടിടിഇക്കെതിരായ നടപടിയുടെ പേരില്‍ തമിഴരുടെ കണ്ണിലെ കരടായിട്ടായിരുന്നു രജപക്സെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ തമിഴ്ജനതയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് തമ്മില്‍ ഭേദം തൊമ്മന്‍ എന്ന അവസ്ഥയായിരുന്നു. കാരണം വോട്ടിനായി തമിഴരെ പ്രീണിപ്പിക്കാനെത്തിയ ശരത് ഫൊന്‍സെക സൈനിക മേധാവിയായിരുന്നപ്പോള്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ അവര്‍ക്ക് എളുപ്പം മറക്കാനാകുമായിരുന്നില്ല.

ലങ്ക സിംഹള ഭൂരിപക്ഷത്തിന്‍റേതാണെന്നും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണമെങ്കില്‍ ഇവിടെ താമസിക്കാമെന്നും പക്ഷെ അനാവശ്യ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നും മറ്റുമുള്ള വിവാദ പ്രസ്താവനകള്‍ ഫൊന്‍സെകെ മൊഴിഞ്ഞിട്ട് അധികം നാളായിട്ടുണ്ടായിരുന്നില്ല. എന്നാല്‍ തിരിച്ചടിക്കുള്ള സാഹചര്യം മുന്നില്‍ കണ്ട രജപക്സെ തെരഞ്ഞെടുപ്പില്‍ തമിഴ്ജനതയെ വിശ്വാസത്തിലെടുക്കാന്‍ വേണ്ടതെല്ലാം ചെയ്തിരുന്നു.തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയില്‍ 400 കോടി ഡോളറിന്‍റെ പുനര്‍നിര്‍മ്മാണ പദ്ധതിയും പുലികളുടെ നിയന്ത്രണത്തിലായിരുന്ന ട്രിങ്കോമാലിയിലും കിള്ളിനോച്ചിയിലും സ്വതന്ത്രവ്യാപാരമേഖലകള്‍ സ്ഥാപിക്കുമെന്ന വാഗ്ദാനവും തമിഴര്‍ക്ക് ലങ്കന്‍ ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉറപ്പാക്കുന്ന തരത്തില്‍ പാര്‍ലമെന്‍റില്‍ തമിഴ് ഭൂരിപക്ഷമുള്ള രണ്ടാം ചേംബര്‍ രൂപീകരിക്കുമെന്ന ശ്രദ്ധേയമായ മറ്റൊരു വാഗ്ദാനവും രജപക്സെയോടുള്ള തമിഴരുടെ വിരോധമകറ്റി എന്ന് പറയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :