റാഗിംഗ് നടത്തിയതിന് ഭോപ്പാലില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ നടപടി സ്വീകരിക്കുന്നു. 20 രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് മൌലാനാ ആസാദ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിന് വിധേയരാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബി പ്ലാനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതേ ഡിപ്പാര്‍ട്ടുമെന്‍റിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ബുധനാഴ്ച ഭോപ്പാല്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
എന്നാല്‍ 20 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നല്ലാതെ എന്ത് നടപടിയാണെടുക്കുന്നതെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കോളജ് അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പരാതി പിന്‍വലിച്ചിട്ടുണ്ട്.
ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് മൌലാനാ ആസാദ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ റാഗിംഗ് പരാതി ഉയരുന്നത്.