സംവിധായകന് ഇഷ്ടം ആവനാഴിയും കമ്മീഷണറും, നിവിന്‍ പോളി എന്താണ് ചെയ്യുന്നത്?

Nivin Pauly, Action Hero Biju, Abrid Shine, Anu Emmanuel, P Jayarajan, നിവിന്‍ പോളി, ആക്ഷന്‍ ഹീറോ ബിജു, എബ്രിഡ് ഷൈന്‍, അനു ഇമ്മാനുവല്‍, പി ജയരാജന്‍
Last Modified വ്യാഴം, 21 ജനുവരി 2016 (21:25 IST)
നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘ആക്ഷന്‍ ഹീറോ ബിജു’ ഫെബ്രുവരി നാലിന് പ്രദര്‍ശനത്തിനെത്തുകയാണ്. നിവിന്‍ പോളിയുടെ ആദ്യ പൊലീസ് സ്റ്റോറിയാണ് ആക്ഷന്‍ ഹീറോ ബിജു. എന്നാല്‍ പതിവ് പൊലീസ് കഥകളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ പറയുന്നു.

“1983ന്‍റെ സമയത്തുതന്നെ നിവിനുമൊത്ത് ഒരു പൊലീസ് സ്റ്റോറി പ്ലാന്‍ ചെയ്തിരുന്നു. ഞാന്‍ കണ്ട ചില പൊലീസുകാരുണ്ട്. അവരിലൂടെ കണ്ട കാഴ്ചകളുണ്ട്. ആ കാഴ്ചകളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. യവനിക, ആവനാഴി, കരിയിലക്കാറ്റുപോലെ, മുഖം, കമ്മീഷണര്‍, മുംബൈ പോലീസ്, ഗ്രാന്‍ഡ് മാസ്റ്റര്‍, പട്ടണപ്രവേശം തുടങ്ങിയവയാണ് എനിക്ക് ഇഷ്ടപ്പെട്ട പൊലീസ് സിനിമകള്‍” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ എബ്രിഡ് ഷൈന്‍ പറയുന്നു.

ആവനാഴിയും കമ്മീഷണറും ഇഷ്ടപ്പെടുന്ന സംവിധായകന്‍റെ ചിത്രത്തില്‍ നിവിന്‍ പോളി ഭരത്ചന്ദ്രനെപ്പോലെയോ ബല്‍‌റാമിനെപ്പോലെയോ ഉള്ള ചൂടന്‍ പൊലീസ് ഉദ്യോഗസ്ഥരെയാണോ അവതരിപ്പിക്കുന്നത്? അല്ല, നിവിന്‍ പോളി ചെയ്യുന്നത് മറ്റൊന്നാണ്.

“എനിക്ക് മനസിലാക്കാന്‍ സാധിച്ച പൊലീസ് സംവിധാത്തിന്‍റെ ഒരു ലൈറ്റ് വേര്‍ഷന്‍ നുറുങ്ങ് നര്‍മ്മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍” - എബ്രിഡ് ഷൈന്‍ പറയുന്നു. ബിജു പൌലോസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ആ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം വികസിക്കുന്നത്.

നിവിന്‍ ആദ്യമായി നിര്‍മിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ അനു ഇമ്മാനുവലാണ് നായിക. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്‍റെ മകളാണ് അനു. ജെറി അമല്‍ദേവാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

നിവിന്‍ പോളിയുടെ പോലീസ് കഥാപാത്രം അമാനുഷിക നായകനല്ല, സിനിമാറ്റിക് ആക്ഷന്‍ രംഗങ്ങളും ഈ ചിത്രത്തില്‍ ഇല്ല. 1983 പോലെ സ്വാഭാവിക നര്‍മ്മത്തിന്റെ അകമ്പടിയില്‍ ബിജു പൗലോസിനൊപ്പം സഞ്ചരിക്കുന്നതാണ് ആക്ഷന്‍ ഹീറോ ബിജു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :