അപ്പര്‍ അസമിലെ തീന്‍സുകിയ ജില്ലയില്‍ വീണ്ടും ഉള്‍ഫ ആക്രമണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കുഴല്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം 'ഉള്‍ഫ' ഏറ്റെടുത്തു. തീന്‍സുകിയ മേഖലയില്‍ ചില്ലറ വിതരണത്തിനുള്ള പെട്രോള്‍, ഡീസല്‍, ഫര്‍ണസ് ഓയില്‍ എന്നിവ വഹിക്കുന്ന കുഴലിലാണ് സ്‌ഫോടനം ഉണ്ടായത്. മുതിര്‍ന്ന ഐ ഒ സി ഉദ്യോഗസ്ഥരും സുരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ-മെയിലിലാണ് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് ഉള്‍ഫ അറിയിച്ചത്. ഇതുസ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സ്‌ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്ത് നാലുമീറ്റര്‍ ആഴത്തില്‍ കുഴിയുണ്ടായി. കുഴലില്‍ ഉണ്ടായിരുന്ന എണ്ണ രണ്ടേക്കര്‍ ചുറ്റളവില്‍ പരന്നൊഴുകി. പൊട്ടിത്തെറിക്കൊപ്പം തീപ്പിടിത്തം ഉണ്ടായെങ്കിലും അത്യാഹിതമില്ല.
അതിനിടെ അസം-മേഘാലയ അതിര്‍ത്തിയിലെ ഗോള്‍പഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഉള്‍ഫ കലാപകാരി കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാഭടന്മാര്‍ക്ക് പരിക്കേറ്റിറ്റിട്ടുണ്ട്. ഗ്രനേഡാക്രമണത്തിലാണ് സുരക്ഷാഭടന്മാര്‍ക്ക് പരിക്കേറ്റത്. ഒരു കൈത്തോക്ക്, ഒട്ടേറെ വെടിയുണ്ടകള്‍ എന്നിവ കൊല്ലപ്പെട്ടയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.