വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് തുടക്കം

മുംബൈ: | WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2013 (11:53 IST)
PRO
PRO
വനിതകളുടെ ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിന്‌ ഇന്നു തുടക്കം. ആതിഥേയരായ ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മില്‍ നടക്കുന്ന എ ഗ്രൂപ്പ്‌ മത്സരത്തോടെയാണു ലോകകപ്പിനു തുടക്കമാകുക. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്‌ക്ക്‌ 2.30 നാണു തുടങ്ങുക. രണ്ട് ഗ്രൂപ്പുകളിലായി എട്ടു ടീമുകള്‍ മത്സരിക്കും.

എ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളും മുംബൈയില്‍ അരങ്ങേറും. ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്‌, വെസ്‌റ്റിന്‍ഡീസ്‌, ശ്രീലങ്ക ടീമുകളാണ്‌ എ ഗ്രൂപ്പിലുള്ളത്‌. ബ്രാബോണ്‍ സ്‌റ്റേഡിയം കൂടാതെ ബാന്ദ്രയിലെ എം.ഐ.ജി. ക്ലബ്‌, മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്‌ ഗ്രൗണ്ട്‌ എന്നിവിടങ്ങളിലാണു മത്സരം. ഫൈനലും ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ്‌.

ഫെബ്രുവരി 17 നാണു ഫൈനല്‍ മത്സരം. സൂപ്പര്‍ സിക്‌സ്‌ മത്സരങ്ങള്‍ ബ്രാബോണിലും ഒഡീഷയിലെ കട്ടക്കിലുമായി നടക്കും. ബി ഗ്രൂപ്പ്‌ മത്സരങ്ങള്‍ കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തിലാണു നടക്കുക. പാകിസ്‌താനെ കൂടാതെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, പാകിസ്‌ഥാന്‍ ടീമുകള്‍ ബി ഗ്രൂപ്പില്‍ മത്സരിക്കുന്നുണ്ട്‌. ബി ഗ്രൂപ്പ്‌ മത്സരങ്ങള്‍ നാളെ തുടങ്ങും. ബരാബതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്‌ഥാന്‍ ഓസ്‌ട്രേലിയയെ നേരിടും. അതേ ദിവസം കട്ടക്കിലെ ഡ്രീംസ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലും ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്‌ഥാനക്കാരായിരുന്നു ഇന്ത്യ.

മൂന്നു തവണ ലോകകപ്പ്‌ നേടിയ (1973, 1993, 2009) ഇംഗ്ലണ്ടിനെയാണു ഫെബ്രുവരി മൂന്നിനു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ നേരിടുക. ആറിനു നടക്കുന്ന അവസാന മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയുടെ എതിരാളിയാകും. നാളെ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടും ശ്രീലങ്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മിതായി രാജ്‌ നയിക്കുന്ന ഇന്ത്യന്‍ ടീം കരുത്തുറ്റതാണ്‌. മുന്‍ നായിക ജൂലന്‍ ഗോസ്വാമി, വെറ്ററന്‍ താരം പൂനം റൗത്ത്‌, വിക്കറ്റ്‌ കീപ്പര്‍ സുലക്ഷണ നായിക്‌ എന്നിവരാണു ബാറ്റിംഗിലെ പ്രധാന താരങ്ങള്‍‍. ഗോചര്‍ സുല്‍ത്താന, നിരഞ്‌ജന നാഗരാജന്‍ എന്നിവരാണു ബൗളിംഗിനെ നയിക്കുന്നത്‌.

അഞ്ച്‌ ലോകകപ്പുകള്‍ കളിച്ച ചാര്‍ലറ്റ്‌ എഡ്‌വേഡ്‌സാണ്‌ ഇംഗ്ലണ്ടിനെ നയിക്കുന്നത്‌. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോഡ്‌ നേടാന്‍ എഡ്‌വേഡ്‌സിന്‌ 61 റണ്‍സ്‌ കൂടി മതി. ഓസ്‌ട്രേലിയയുടെ ബെന്‍ഡില ക്ലാര്‍ക്ക്‌ 2005 ല്‍ നേടിയ 4844 റണ്‍സാണു നിലവിലെ റെക്കോഡ്‌. ബൗളിംഗിലാണ്‌ ഇംഗ്ലണ്ടിന്റെ കരുത്ത്‌ ഏറെയും. ഐ.സി.സി. വനിതാ റാങ്കിംഗിലെ ഒന്നാം നമ്പര്‍ താരം കാതറിന്‍ ബ്രണ്ട്‌, ഇടംകൈയന്‍ സ്‌പിന്നര്‍ ഹോളി കോള്‍വിന്‍ എന്നിവരാണു പ്രധാന ബൗളര്‍മാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :