നമുക്ക് വേണോ ഈ യുവജനോത്സവം?

ഇസഹാഖ്

Kalolsavam
PRO
PRO
മറഞ്ഞുപോയ നാടന്‍ കലകളെ രക്ഷിക്കാനാണ് ഇത്തരം മേളകള്‍ നടത്തുന്നത് എന്ന് പറയുന്നുണ്ടെങ്കിലും പണമാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. നൃത്ത ഇനങ്ങളില്‍ മത്സരിക്കാനായി സംസ്ഥാന മേളയ്ക്കെത്തുന്ന മിക്ക കുട്ടികളുടെയും ഗുരുക്കന്മാരും പക്കമേളക്കാരും ഒന്ന് തന്നെയായിരിക്കും. ഇവിടെ ആര് തോറ്റാലും ജയിച്ചാലും ഗുരുക്കന്മാര്‍ക്കോ പിന്നണി പ്രവര്‍ത്തകര്‍ക്കോ ഒരു പ്രശ്നവുമില്ല. കിട്ടേണ്ട പണമെല്ലാം നേരത്തെ വാങ്ങി കീശയിലാക്കി. ഇവിടെ പരാജയപ്പെടുന്നത് കുട്ടികളും അവര്‍ പങ്കെടുക്കുന്ന കലയുമാണ്.

സിനിമയും ഗ്രേസ് മാര്‍ക്കും ലക്‍ഷ്യമിട്ട് സ്കൂള്‍ മേളകളില്‍ നിറഞ്ഞാ‍ടുന്ന കുട്ടികള്‍ പിന്നെ എവിടെ പോകുന്നു? അല്പം ചിലര്‍ സിനിമയിലേക്ക്, ബാക്കി ഭൂരിഭാഗം പേരും മറ്റു മേഖലകള്‍ തേടിപ്പോകുന്നു. തുള്ളലും, കഥകളിയും ചാക്യാര്‍കൂത്തും ഭരതനാട്യവും മോഹിനിയാട്ടവും എല്ലാം സ്കൂള്‍, കോളജ് വിട്ടാല്‍ തീര്‍ന്നു. പിന്നെ മത്സരമില്ലല്ലോ, രക്ഷിതാക്കള്‍ക്കും താത്പര്യമില്ല.

ഓരോ യുവജനോത്സവം വരുമ്പോഴും സംഘാടകരും മാധ്യമങ്ങളും പറയുന്ന ഒരു കാര്യമുണ്ട്. കേരളത്തിന് എണ്ണപ്പെട്ട നിരവധി കലാകാരന്മാരെ സമ്മാനിച്ചത് യുവജനോത്സവമാണെന്ന്. ശരിയായിരിക്കാം. ഒരു പരിധി വരെ. പക്ഷെ, അതെല്ലാം എത്രത്തോളം ശരിയാണെന്നതും വിലയിരുത്തേണ്ടതാണ്. യുവജനോത്സവത്തില്‍ തിളങ്ങിയ എത്ര എഴുത്തുകാര്‍ നമുക്കുണ്ട്, എത്ര നര്‍ത്തകരുണ്ട്, എത്ര പ്രാസംഗികരുണ്ട് എല്ലാം വിരലിലെണ്ണവുന്നത് മാത്രം. അതിലും കൂടുതല്‍ പേര്‍ ഈ മേഖലയോട് വിടപറഞ്ഞു എന്നും വിളിച്ച് പറയേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ എണ്ണി പറയുന്ന യുവജനോത്സവ കലാകാരന്മാര്‍ അവരവരുടെ സര്‍ഗ്ഗശേഷി കൊണ്ട് മാത്രമാണ് അതാത് മേഖലകളില്‍ മുന്നേറിയത്.

ഗന്ധര്‍വന്‍ യേശുദാസും, നടന്‍ വിനീതും വേണുഗോപാലും കാവ്യാമാധവനും മഞ്ജുവാരിയരുമൊക്കെ യുവജനോത്സവ വേദികളില്‍ തിളങ്ങിയിട്ടുണ്ടാകാം. പക്ഷേ, അവരൊക്കെ ഇന്നത്തെ നിലയിലെത്തിയത് അവര്‍ ജന്മനാ നേടിയെടുത്ത കഴിവുകള്‍ കൊണ്ട് മാത്രമാണ്. യുവജനോത്സവ വേദികള്‍ പോലും കണ്ടിട്ടില്ലാത്ത എത്രയോ കലാകാരന്മാര്‍ നമുക്ക് മുന്നിലുണ്ട്. ജന്മനാ കലാവാസനയുള്ള ഒരു പ്രതിഭയേയും ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല. അവര്‍ നേടേണ്ട വിജയം നേടുക തന്നെ ചെയ്യും.

മലയാളികള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു പിടി സിനിമാ താരങ്ങളെയും പാട്ടുകാരെയും തന്നത് സ്കൂള്‍ യുവജനോത്സവങ്ങളല്ല. നടന്മാരായ സത്യന്‍, പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടനവധി നടന്മാരും നടിമാരും യുവജനോത്സവ വേദികളില്‍ നിന്നല്ല വന്നിരിക്കുന്നത്. അവരെല്ലാം തങ്ങളുടെ കഴിവുകള്‍ തെളിയിച്ച് കടന്നുവന്നവരാണ്.

കഴിഞ്ഞ അമ്പത് വര്‍ഷങ്ങളിലെ കലാപ്രതിഭകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ കേരളത്തിലെ യുവജനോത്സവങ്ങള്‍ എന്തിനാണെന്ന് നടത്തുന്നതെന്ന് തോന്നിപ്പോകും. സ്കൂള്‍ വിട്ടതോടെ കലയും വിട്ട ഇവരൊക്കെ വിവിധ മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്നു. മിക്കവരും പ്രവാസികളാ‍ണ്. ഒരുനാള്‍ കാലില്‍ ചിലങ്ക കെട്ടി നിറഞ്ഞാടിയ പലരും വെയില്‍ കൊണ്ട് കൂലിവേലയെടുക്കുന്നു. ജീവിതത്തിന്റെ നാലറ്റം മുട്ടിക്കാന്‍ വേണ്ടി പോരാടുമ്പോള്‍ പണ്ട് കെട്ടിയ ചിലങ്കയ്ക്കും മുഖത്തണിഞ്ഞ ഛായത്തിനും എന്ത് വില?.

WEBDUNIA|
കുട്ടികളെ വെച്ചുള്ള ഈ ചൂതാട്ടം സ്കൂള്‍ തലത്തില്‍ തന്നെ അവസാനിപ്പിക്കണം. കഴിവുള്ള കുട്ടികള്‍ മത്സരിക്കട്ടെ. കലയെ സ്നേഹിക്കുന്നവര്‍ അത് ആസ്വദിക്കട്ടെ, ജീവിതത്തില്‍ പകര്‍ത്തട്ടെ. ആഡംബരത്തിന്റേയും ധൂര്‍ത്തിന്റേയും കേന്ദ്രമായ സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങള്‍ക്ക് തടയിടേണ്ടത് നിര്‍ബന്ധമാണ്. വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണകപ്പ് പോലും പണത്തിന്റെ പ്രതാപമാണ് കാണിക്കുന്നത്. കണ്ണീരും ദുഃഖങ്ങളും സംഘര്‍ഷവും നിറഞ്ഞ ഈ യുവജനോത്സവം നമുക്ക് വേണോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :