രാജ്യത്തിന്റെ സുരക്ഷയും വികസനവും തടസ്സപ്പെടുത്തുന്ന നക്സലൈറ്റ് പദ്ധതികള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തന്നെയാണ് കേന്ദ്ര-സംസ്ഥാനങ്ങള്‍ ഒരുങ്ങുന്നത്. വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളെ നേരിടാന്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്ക് 35,000 പേരെ റിക്രൂട്ടുചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പത്ത് സംസ്ഥാനങ്ങളില്‍ ഇപ്പോഴുള്ള 26 ബറ്റാലിയനുകള്‍ക്ക് (26,000 പേര്‍) പുറമെയാണിത്.
ശക്തമായ നക്സലൈറ്റ് സാന്നിധ്യമുള്ള ആന്ധ്രാപ്രദേശില്‍ നിലവില്‍ 6 റിസര്‍വ് ബറ്റാലിയനുകള്‍ (6,000 പട്ടാളക്കാര്‍) ഉണ്ട്. ചത്തീസ്‌ഗഡില്‍ 4, ബിഹാറിലും ഝാര്‍ക്കണ്ഡിലും 3, മഹാരാഷ്ട്രയില്‍ 2, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ 1 എന്നിങ്ങനെയാണ് നിലവിലെ ബറ്റാലിയനുകള്‍. മന്ത്രിസഭയുടെ പുതിയ തീരുമാനം അനുസരിച്ച്, ഏറ്റവും കൂടുതല്‍ നക്സലൈറ്റ് സാന്നിധ്യമുള്ള ചത്തീസ്‌ഗഡില്‍ നിന്ന് ചുവപ്പന്മാരെ തുരത്താന്‍ 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.
ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്‍പ്പം കൂടി അടുത്തുനിന്ന് മനസ്സിലാക്കേണ്ടതുണ്ട് എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്. രാജ്യത്തെ ഭരണസംവിധാനം പരാജയപ്പെടുമ്പോള്‍ ഉണ്ടാവുന്ന അസ്ഥിരതയും അശാന്തിയുമാണ് നക്സലുകളെ സൃഷ്ടിക്കുന്നതെന്ന് അവര്‍ വാദിക്കുന്നു.
“തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്നവരില്‍ ഭൂരിഭാഗം പേരും അവകാശം നിഷേധിക്കപ്പെട്ട, പ്രാന്തവല്‍ക്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. അല്ലെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ആവേശകരമായ വികസനം ഒട്ടും എത്താത്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
അസന്തുലിതമായ വികസനത്തില്‍ നിന്നാണ് ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതെന്ന് പല സന്ദര്‍ഭങ്ങളിലും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട് ” - സംസ്ഥാന മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഇത്രയും കൂടി പറഞ്ഞത് ഈയവസരത്തില്‍ ശുഭസൂചകമാണെന്ന് കരുതാം.