തിരുവനന്തപുരം|
ജോണ്‍ കെ ഏലിയാസ്|
Last Updated:
ബുധന്‍, 10 ഡിസംബര്‍ 2014 (17:51 IST)
പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ഓഫീസിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ ബി ഗണേഷ് കുമാറിനെതിരെ കടുത്ത നടപടിക്ക് യു ഡി എഫ് ഒരുങ്ങുന്നു. യു ഡി എഫില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുന്നു എന്നാണ് വിവരം.
തിങ്കളാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനായി യു ഡി എഫ് യോഗം ചേരുന്നുണ്ട്. ഗണേഷിനെതിരെ നടപടിയെടുക്കാന്‍ യു ഡി എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
മുമ്പ് പലപ്പോഴും ഗണേഷ് വിവാദക്കുരുക്കില്‍ പെടുമ്പോഴൊക്കെ മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തിന്‍റെ രക്ഷയ്ക്കെത്തിയിട്ടുള്ളത് എങ്കില്‍ ഇത്തവണ ഗണേഷിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയാണ്. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തിര യു ഡി എഫ് യോഗത്തില്‍ ഗണേഷിനെതിരെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ നിരത്തി എന്നാണ് വിവരം.
ഗണേഷിനെയും കേരള കോണ്‍ഗ്രസ് ബിയെയും യു ഡി എഫില്‍ നിന്ന് പുറത്താക്കണോ അതോ ഗണേഷിനെ മാത്രം ഒഴിവാക്കിയാല്‍ മതിയോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമാകും. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെ എല്‍ ഡി എഫിലെ പ്രമുഖര്‍ പിന്തുണ നല്‍കുന്നുണ്ട് എന്നത് ഗണേഷിന് ആശ്വാസകരമാണ്. എന്നാല്‍ ഗണേഷ് എല്‍ ഡി എഫിലേക്ക് വരുന്നതില്‍ ചില എതിര്‍പ്പുകളും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ബി ജെ പിയും ഗണേഷിനെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ശ്രമം നടത്തിയതായി സൂചനയുണ്ട്.