ഗണേശും പി സി ജോര്‍ജും സവര്‍ണ-സ്ത്രീ വിരുദ്ധര്‍: തോമസ്‌ ഐസക്ക്‌

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മന്ത്രി കെ ബി ഗണേശ്കുമാര്‍, ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവര്‍ പത്തനാപുരത്ത് നടത്തിയ പ്രസ്താവനകള്‍ക്കെതിരെ മുന്‍ മന്ത്രി തോമസ്‌ ഐസക്ക്‌ എം എല്‍ എ രംഗത്തെത്തി. ഗണേശ്കുമാറിന്റേയും പി സി ജോര്‍ജിന്റേയും സവര്‍ണ-സ്ത്രീ വിരുദ്ധ നിലപാടുകളാണ് വിവാദപ്രസ്താവനകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് തോമസ്‌ ഐസക്ക്‌ ആരോപിച്ചു.

ജാതിപ്പേര്‌ വിളിച്ചാണ്‌ പി സി ജോര്‍ജ്ജ്‌ എ കെ ബാലനെ അധിക്ഷേപിച്ചിരിക്കുന്നത്‌. നിയമമനുസരിച്ച്‌ പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്നും ഐസക്ക്‌ ആവശ്യപ്പെട്ടു. പി സി ജോര്‍ജ്ജിന്റെ പ്രസ്തവനയേക്കുറിച്ച് മന്ത്രി പി കെ ജയലക്ഷ്മി നിലപാട്‌ വ്യക്തമാക്കണമെന്നും തോമസ്‌ ഐസക്ക്‌ ആവശ്യപ്പെടുകയുണ്ടായി.

ഗണേശ്കുമാര്‍, പി സി ജോര്‍ജ്ജ്‌ എന്നിവര്‍ക്കെതിരേ പ്രതിഷേധം വ്യാപകമാവുകയാണ്. പ്രതിപക്ഷവും ഇടതുപക്ഷ യുവജന സംഘടനകളും ഒന്നടങ്കം രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ക്കെതിരേ അഴിച്ചുവിട്ടത്. ജോര്‍ജ് പക്വത കാണിക്കണമെന്ന് യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചനും വ്യക്തമാക്കുകയുണ്ടായി. പൊതുപ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇവര്‍ക്കെതിരായ പരോക്ഷവിമര്‍ശനമായി കാണാവുന്നതാണ്.

ഗണേശ്കുമാര്‍ വി എസിനെ ഞരമ്പുരോഗിയെന്നും കാമഭ്രാന്തനെന്നും വിളിച്ച അതേ വേദിയില്‍ വച്ചാണ് പി സി ജോര്‍ജ് ആഭാസപ്രസംഗം നടത്തിയത്. പ്രതിപക്ഷ എം എല്‍ എമാര്‍ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ അപമാനിച്ചു എന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. എം എല്‍ എമാര്‍ ആ വനിതയുടെ പുറത്ത് ആവേശം തീര്‍ക്കുകയായിരുന്നു. ഒടുവില്‍ താനാണ് ആ വനിതയെ പരിശോധിക്കാന്‍ ലേഡി ഡോക്ടറെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കുറിച്ചുള്ള അശ്ലീല പ്രസ്‌താവനയ്ക്കെതിരേ വാച്ച് ആന്റ് വാര്‍ഡ് രജനി മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ്.
എ കെ ബാലനെ ജാതി പറഞ്ഞ് അതിക്ഷേപിച്ചു എന്നാണ് ജോര്‍ജിനെതിരായ രണ്ടാമത്തേ ആരോപണം. ‘പൊട്ടന്‍’ എന്നും ബാലനെ അദ്ദേഹം അഭിസംബോധന ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :