നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ കാണാനെത്തി: മുഖ്യമന്ത്രി എന്ന നിലയില്‍ അനുഭവസമ്പത്ത് ഉള്ളയാളാണ് വിഎസ്; വിഎസില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനാണ് എത്തിയതെന്നും പിണറായി

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ കാണാനെത്തി: മുഖ്യമന്ത്രി എന്ന നിലയില്‍ അനുഭവസമ്പത്ത് ഉള്ളയാളാണ് വിഎസ്; വിഎസില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനാണ് എത്തിയതെന്നും പിണറായി

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 21 മെയ് 2016 (14:39 IST)
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പിണറായിക്കൊപ്പം വി എസിനെ കാണാന്‍ എത്തിയിരുന്നു. കന്റോണ്മെന്റ് ഹൌസില്‍ എത്തിയാണ് ഇരുവരും വി എസുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ളയാളാണ് വി എസ് എന്നും അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാനാണ് എത്തിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസ് അനുഭവപരിചയമുള്ള നേതാവാണ്. അത് ഭരണത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിസ്ഥാനം പിണറായി വിജയന് നല്കിയ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള അതൃപ്‌തിയും നിരാശയുമുള്ള വി എസിനെ അനുനയിപ്പിക്കുക എന്ന ലക്‌ഷ്യമായിരിക്കും കൂടിക്കാഴ്ചയ്ക്കു പിന്നിലെന്നാണ് രാഷ്ട്രീയവിലയിരുത്തല്‍. ഇന്നലെ വി എസ് മാധ്യമങ്ങളോട് ഒരു വാക്കു പോലും സംസാരിച്ചിരുന്നില്ല. ശനിയാഴ്ച വി എസ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വി എസിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും നടപടികളോ വാക്കുകളോ ഉണ്ടാകുന്നത് ഒഴിവാക്കുക എന്നത് ലക്‌ഷ്യം വെച്ചാണ് സന്ദര്‍ശനമെന്നും കരുതപ്പെടുന്നു. പാര്‍ട്ടി തന്നെ പൊതു തീരുമാനം എടുത്തത് അനുസരിച്ചാണ് പിണറായി വി എസിനെ സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :