ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

പാലക്കാട്| WEBDUNIA|
PRO
പാലക്കാടിനടുത്തുള്ള കോങ്ങാടില്‍ ഭാര്യയെയും രണ്ട് വയസുള്ള മകനെയും കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മുച്ചീരി സ്വദേശി രാധാകൃഷ്ണന്‍ (40) ആണ്‌ ഭാര്യ ഷീബ (27), മകന്‍ അച്ചു (2) എന്നിവരെ വെട്ടിക്കൊന്ന ശേഷം ചെയ്തത്. യുവതിയെയും കുഞ്ഞിനെയും വെട്ടേറ്റ നിലയിലും രാധാകൃഷ്ണനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ്‌ കോങ്ങാട്‌ പോലീസും ഫോറന്‍സിക്‌ വിദഗ്‌ദ്ധരും സ്‌ഥലത്തെത്തി പരിശോധന നടത്തിവരികയാണ്‌.

അയല്‍‌ക്കാരാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെയും കുഞ്ഞിനെയും കണ്ടത്. പൊലീസിനെ നാട്ടുകാര്‍ ഉടനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാധാകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീറ്റും ഓലയും മേഞ്ഞ ഒറ്റമുറി വീട്ടിനകത്താണ്‌ അമ്മയും കുഞ്ഞും മരിച്ചുകിടന്നിരുന്നത്‌. ഷീബയുടെ കഴുത്ത്‌ വേര്‍പെട്ട നിലയിലായിരുന്നു. വീടിന്‌ പുറത്തുനിന്നും രക്‌തംപുരണ്ട കൊടുവാള്‍ കണ്ടെത്തിയിട്ടുണ്ട്‌. മൂന്നുപേരെയും ഉടനെ തന്നെ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ച് വളരെ നേരം ആയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കോങ്ങാട്‌ ടൗണില്‍ ജീപ്പ്‌ ഡ്രൈവറായ രാധാകൃഷ്‌ണന്‍ സമീപകാലത്ത്‌ മാനസികരോഗത്തിന്‌ ചികിത്സ തേടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി ഇവരുടെ വീട്ടില്‍ നിന്ന് വഴക്ക് കേട്ടതായി അയല്‍‌ക്കാര്‍ പറയുന്നു. ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ രാധാകൃഷ്ണന് സംശയം ഉണ്ടായിരുന്നതായും സൂചനയുണ്ട്. മരിച്ച ഷീബ കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നേരത്തെ സാക്ഷരതാ പ്രേരക്‌ ആയി പ്രവര്‍ത്തിച്ചിരുന്നു. രാധാകൃഷ്ണന്റെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :