വി.കെ.എന്നെ എടുത്തുനോക്കുക. ഹിന്ദു ദിനപത്രത്തിലൊരു ജോലി കിട്ടി, പിറ്റേ ദിവസം തന്നെ അത് വലിച്ചെറിഞ്ഞ് പോരാനുള്ള ചങ്കൂറ്റം കാണിച്ചയാളാണ്. ഇന്ന് ഹിന്ദുവിലൊരു ജോലി കിട്ടിയാല്‍ ഏതെങ്കിലും എഴുത്തുകാര്‍ വലിച്ചെറിയുമോ? ഒരു സര്‍ക്കാരുദ്യോഗം കിട്ടിയ പോലെ ബാക്കിയെല്ലാം മറക്കും ഇപ്പോഴത്തെ എഴുത്തുകാരന്‍.
അരുണ്‍ തുളസീദാസ് - അപ്പോള്‍ പറഞ്ഞുവരുമ്പോള്‍, ഉത്തരാധുനികതയുടെ എഴുത്തുകാര്‍ക്ക് ധിക്കാരിയുടെ കാതല്‍ എന്നുപറയുന്ന സംഭവം നഷ്ടപ്പെട്ട് പോയി എന്നാണോ?
സന്തോഷ് എച്ചിക്കാനം - ഉത്തരാധുനികത എന്ന വാക്കിനോടുതന്നെ എനിക്ക് ഒരു വിപ്രതിപത്തി ഉണ്ട്. എങ്ങിനെയൊക്കെ ഉപയോഗിക്കാമോ? ഉപയോഗിക്കാമായിരിക്കാം. പക്ഷേ എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല. ഞാന്‍ പറയട്ടെ, അടുത്തകാലത്ത് ഞാന്‍ ‘കൃഷിപാഠം’ എന്ന പേരില്‍ ഒരു കഥയെഴുതിയിരുന്നു. എന്‍റെ കുട്ടിക്കാലത്തെ കുറേ ഓര്‍മ്മകള്‍ വച്ചാണ്. സത്യം പറഞ്ഞാല്‍ ഒരു കാരൂര്‍ക്കഥ പോലെയേ ഉള്ളൂ. എന്തുകൊണ്ട് എനിക്കങ്ങനെ എഴുതിക്കൂടാ? എനിക്ക് എങ്ങനെ വേണമെങ്കിലും എഴുതാം. ഏത് കാലഘട്ടത്തിലേക്ക് വേണമെങ്കില്‍ എനിക്ക് ചേക്കേറാം. അങ്ങനെ എന്തെങ്കിലും പ്രത്യേക രീതിയില്‍ മാത്രമേ എഴുതൂ എന്ന് വാക്ക് കൊടുക്കേണ്ട കാര്യമൊന്നുമില്ല.
പിന്നെ ഈ ധിക്കാരം നഷ്ടപ്പെട്ടിട്ടുണ്ട്. കാരണം എല്ലാം അഡ്‌ജസ്റ്റുമെന്റിന്റെ ഭാഗമാണ്. എല്ലാത്തിനോടും പൊരുത്തപ്പെട്ട് കൊണ്ടിരിക്കുകയാണ് മനുഷ്യന്‍. വൈയക്തികവും സാമൂഹികവുമായ പൊരുത്തപ്പെടലാണ് എവിടെയും നടക്കുന്നത്.