എന്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും

ചങ്ങനാശേരി| WEBDUNIA|
PRO
എന്‍ എസ് എസിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും സജീവമായി ഇടപെടുന്നു. ഇരുവരും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍‌ നായരുമായി രഹസ്യചര്‍ച്ച നടത്തി. എന്‍ എസ് എസിന് യു ഡി എഫുമായി നിലനില്‍ക്കുന്ന അകല്‍ച്ച ഇല്ലാതാക്കുകയായിരുന്നു ചര്‍ച്ചയുടെ പ്രധാന ലക്‍ഷ്യം. കഴിഞ്ഞ ദിവസമാണ് ചര്‍ച്ച നടന്നത്.

എന്നാല്‍ ചര്‍ച്ചയില്‍ സുകുമാരന്‍ നായര്‍ യു ഡി എഫിന് തൃപ്തികരമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കെ ബി ഗണേഷ്കുമാറും ആര്‍ ബാലകൃഷ്ണ പിള്ളയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകില്ല എന്ന കടുത്ത നിലപാട് സുകുമാരന്‍ നായര്‍ സ്വീകരിച്ചു. - ഗണേഷ് പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും സുകുമാരന്‍ നായര്‍ക്ക് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിന്‍റെ തുടര്‍‌നടപടിയായാണ് ഗണേഷ് കഴിഞ്ഞ ദിവസം ബാലകൃഷ്ണപിള്ളയെ സന്ദര്‍ശിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഗണേഷുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചില്ലെന്ന് ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളില്‍ എന്‍ എസ് എസിനുള്ള പരാതി പരിഹരിക്കാമെന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും സുകുമാരന്‍ നായര്‍ക്ക് ഉറപ്പ് നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അഞ്ചാം മന്ത്രി വിഷയത്തില്‍ എന്‍ എസ് എസിന്‍റെ നിലപാട് മാറില്ലെന്ന് സുകുമാരന്‍ നായര്‍ യു ഡി എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :