ഇതൊരു തുടക്കം മാത്രം, ‘സരിതപ്പേടി’യില്‍ ഉറക്കംകെടുന്ന വമ്പന്‍‌മാര്‍ ആരൊക്കെ?

WEBDUNIA|
PRO
PRO
കേരള രാഷ്ട്രീയത്തില്‍ എസ് നായരുടെ സ്ഥാനം എന്താണ്? അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് ആരാണ് സരിത? എന്തായാലും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. സരിതയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ വലത്‌ - ഇടത് ഭേദമില്ലാതെ എല്ലാ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ട്, ആരാണെന്ന് വെളിപ്പെടുത്തില്ല. പക്ഷേ ഇതിനിടെ ചിലരെ ലക്‍ഷ്യംവെച്ച് മാത്രം ചില വെളിപ്പെടുത്തലുകള്‍. ഇതിനുകാരണം എന്തായാലും ഒരു കാര്യം വ്യക്തമാണ്, സരിത നടത്തുന്നത് വിലപേശല്‍ തന്ത്രമാണ്. ചെറുമീനുകളെയിട്ട് വലിയമീനിനെ പിടിക്കുക എന്ന പഴയ തന്ത്രം തന്നെ. സരിത ഇപ്പോള്‍ ഒരു രാഷ്ട്രീയ ആയുധമാണ്, അത് വൃത്തിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.

കേരള രാഷ്ട്രീയം, പ്രത്യേകിച്ച് യുഡി‌എഫ് ഭരണം ഒരു പെണ്ണിന്റെ പേരിന് ചുറ്റും എന്ന നാണംകെട്ട പ്രതിഭാസത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. സരിത പുറത്തുവന്നത് ലക്‍ഷങ്ങള്‍ ഒഴുക്കിയാണ്. ഈ പണം നല്‍കിയത് ബന്ധുക്കളാണെന്നാണ് സരിതയുടെ ഭാഷ്യം. എന്നാല്‍ വര്‍ഷങ്ങളായി ബന്ധുക്കളുമായി സരിതയ്ക്കും കുടുംബത്തിനും ബന്ധമില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ പുറമേനിന്ന് ആരോ പണംവാരിയെറുന്നു, സരിത എന്ന വ്യക്തിയെ സംരക്ഷിക്കാന്‍. അതാരാണ് എന്നതാണ് വര്‍ത്തമാനകേരളം ചര്‍ച്ച ചെയ്യുന്നത്.

സരിതയുടെ വെളിപ്പെടുത്തലുകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി ആദ്യവെളിപ്പെടുത്തല്‍ ബിജു രാധാകൃഷ്ണനെതിരെയായിരുന്നു എന്നത് തന്നെ. ആദ്യഭാര്യ രശ്മിയെ കൊന്ന കേസില്‍ ബിജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഷാ പോറ്റി എം‌എല്‍‌എയാണെന്നതായിരുന്നു വെളിപ്പെടുത്തല്‍. ഇതിലൂടെ ബിജുവിനെതിരായ കുരുക്ക് കൂടുതല്‍ മുറുക്കുക, രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന വാദം ശക്തമാക്കുക. കൂടാതെ സോളാര്‍ തട്ടിപ്പില്‍ സരിതയ്ക്കൊപ്പം ലാഭം കൊയ്ത രാഷ്ട്രീയനേതാക്കള്‍ക്ക് വ്യക്തമാ‍യ സന്ദേശം നല്‍കുക. ഒരര്‍ഥത്തില്‍ ഭീഷണിയുടെ മറ്റൊരു രൂപമാണ് സരിതയുടെ വാര്‍ത്താസമ്മേളനങ്ങള്‍.

അബ്‌ദുള്ളക്കുട്ടി ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന പരാമര്‍ശത്തില്‍ തന്നെ ഇതുവ്യക്തമാണ്. ഇതിനൊപ്പം സരിത പറഞ്ഞ വാക്കുകളും കൂട്ടിവായിക്കണം. “വെറുതെ ക്ലിഫ്‌ഹൌസിനെ വിവാദത്തില്‍ പെടുത്തുന്നു. സി‌ എമ്മിനെ അറിയാം, അത് ഒരു അപരാധമല്ല. സി‌എമ്മിനെ അറിയാത്തവര്‍ ആരുമില്ലെന്നാണ് വിശ്വാസം. എന്നാല്‍ സി‌ എമ്മിന് എന്നെ അറിയുമോയെന്ന് പറയേണ്ടത് അദ്ദേഹമാണ്”. ഇതിനെ പറ്റിയുള്ള തുടര്‍ചോദ്യങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട ചോദ്യമാണെന്ന് പറഞ്ഞ് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറല്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഓരോ ബൈറ്റിലും ദുരൂഹതയുടെ ഒരുതലം നല്‍‌കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നു. തന്നെ സംരക്ഷിച്ചില്ലെങ്കില്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഉറക്കം കെടുത്തുമെന്ന ധാര്‍ഷ്ട്യവും സരിതയുടെ വാക്കുകളിലുണ്ട്.

സരിതയുടെ താമസം എവിടെയെന്ന് ഇപ്പോഴും പുറം‌ലോകത്തിന് അറിയില്ല. എവിടെപോകുന്നു? ആരെ കാണുന്നുവെന്നതൊക്കെ പൊലീസിനുപോലും വിവരമില്ല. ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരുകള്‍പോലും പലരുടേത്. ഇങ്ങനെ എല്ലാവരില്‍നിന്നും വ്യക്തമായ അകലം പാലിച്ചാണ് സരിതയുടെ നീക്കം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറ്റവുമധികം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പേരുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, മോന്‍സ് ജോസഫ് തുടങ്ങിയവരുടേതാണ്. എന്നാല്‍ ഈ പേരുകളൊന്നും പരാമര്‍ശിക്കാതെ താന്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്താണോ അത് പറഞ്ഞുപോവുകയാണ് സരിത ചെയ്യുന്നത്.

മാത്രമല്ല ഇതില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി സരിത പറഞ്ഞുവെന്ന് വാര്‍ത്ത പരന്നപ്പോള്‍ തന്നെ അത് തിരുത്തുകയും ചെയ്തു. എന്തായാലും സരിത എന്ന പ്രതിഭാസം കുറച്ചുനാള്‍ക്കൂടി കേരള രാഷ്ടീയത്തെ പിടിച്ചുലയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്ത സാ‍ഹചര്യത്തില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :